പല പതിറ്റാണ്ടുകള്‍ ഇംഗ്ലീഷ് പത്രപ്രവര്‍ത്തനത്തിനും മലയാള പത്രപ്രവര്‍ത്തനത്തിനും കനപ്പെട്ട സംഭാവനകള്‍ നല്കിയ പ്രഗത്ഭ മാധ്യമപ്രവര്‍ത്തകനെയാണ് കെഎം റോയിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ശ്രദ്ധേയനായ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടര്‍, പംക്തികാരന്, സാംസ്കാരിക പ്രവര്ത്തകന് എന്നീ നിലകളിലെല്ലാം കെ. എം. റോയ് നല്കിയ സംഭാവനകള്‍ കേരളത്തിന് പൊതുവില്‍ വിലപ്പെട്ടതായിരുന്നു.
പൊതു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും സംശുദ്ധി നിലനിര്‍ത്തണമെന്ന കാര്യത്തില്‍ നിഷ്കര്‍ഷ ഉണ്ടായിരുന്ന കെ. എം റോയ്, തന്റെ ആ നിലപാട് എഴുത്തുകളില്‍ ഏറെ പ്രതിഫലിപ്പിച്ചു. അത് സമൂഹത്തിന് ഏറെ മാര്ഗ്ഗനിര്ദ്ദേശമാവുകയും ചെയ്തു. അപഗ്രഥനാത്മകമായ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ ജനങ്ങളുടെ അറിയാനുള്ള സ്വാതന്ത്ര്യത്തെ വലിയതോതില്‍ ശക്തിപ്പെടുത്തുന്ന രീതിയിലുള്ളതായിരുന്നു. നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ്
മുതിര്‍ന്ന മധ്യമ പ്രവര്ത്തകന് കെ.എം. റോയിക്ക് പ്രണാമം. ഇംഗ്ലീഷ്, മലയാളം പത്രപ്രവര്‍ത്തനത്തില്‍ ഒരു പോലെ തിളങ്ങിയ കെ.എം റോയിയുടെ നിര്യാണം ഇന്ത്യന്‍ മാധ്യമ രംഗത്തിന് വലിയ നഷ്ടമാണ്. അര നൂറ്റാണ്ടിലേറെ പത്രപ്രവര്‍ത്തന രംഗത്ത നിറസാന്നിധ്യമായിരുന്ന കെ എം റോയിയുമായി എനിക്ക് കോളേജ് വിദ്യാഭ്യാസ കാലം മുതല്ക്കേ വ്യക്തിബന്ധം ഉണ്ടായിരുന്നു. മലയാളത്തില്‍ ഏറ്റവും കാലം നീണ്ടുനിന്ന പംക്തിയും കെ.എം റോയിയുടേതാണ്. ഹൃദയത്തില്‍ നിന്നുള്ള എഴുത്തുമായി ഇരുളും വെളിച്ചവുമെന്ന ആ പംക്തി മൂന്ന് പതിറ്റാണ്ടോളം നിരാലംബര്‍ക്ക് സാന്ത്വനമായിരുന്നു. മത്തായി മാഞ്ഞൂരാന്റെ ശിഷ്യനായിരുന്ന കെ.എം റോയി കേരള രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുമെന്ന് എം.കെ സാനു അടക്കമുള്ള അധ്യാപകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അദ്ദേഹം പത്രപ്രവര്‍ത്തനത്തില്‍ സജീവമാക്കുകയായിരുന്നു. രാഷ്ട്രീയ ബോധവും രാഷ്ട്രീയ നേതൃത്വവുമായുള്ള അടുത്ത ബന്ധവും കെ.എം റോയിയുടെ പത്രപ്രവര്‍ത്തനത്തെ മികവുറ്റതാക്കി. പക്ഷപാതിത്വമില്ലാത്ത നിര്‍ഭയമായ എഴുത്തിലൂടെയാണ് കെ.എം റോയി മാധ്യമ ചരിത്രത്തില്‍ ഇടം നേടിയത്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
രമേശ് ചെന്നിത്തല
മാധ്യമരംഗത്ത് സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച കെ.എം. റോയി രാഷ്ട്രീയ- സാമൂഹിക വിഷയങ്ങളില്‍ ശക്തമായ തന്റെ നിലപാടുകള്‍ നിര്‍ഭയം വെളിപ്പെടുത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകനായും എഴുത്തുകാരനായും ഒരുപോലെ തിളങ്ങിയിരുന്നു കെ.എം. റോയി.
എന്റെ ഒരു സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്ന റോയിയുടെ വിയോഗത്തില്‍ ഞാന്‍ ദുഃഖിക്കുന്നു.
മന്ത്രി വി. മുരളീധരന്
കെ. എം റോയിയുടെ നിര്യാണത്തില്‍ കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന് അനുശോചിച്ചു. ധാര്‍മ്മിക മൂല്യങ്ങള്‍ മുറുകെ പിടിച്ച നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തകനായിരുന്നു കെ.എം.റോയി. ധീരമായ നിലപാടുകള്‍ സ്വീകരിക്കാനും തന്റെ എഴുത്തുകളിലൂടെ അത് വായനക്കാരിലേക്ക് എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ശക്തമായ മുഖപ്രസംഗങ്ങളിലൂടെയും, സാമൂഹ്യ വിമര്‍ശന പംക്തികളിലൂടെയും മാധ്യമ മേഖലയില്‍ തന്റേതായ ഇടം സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായി. മൂല്യാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കെ. എം. റോയിയുടെ നിര്യാണം കേരളത്തിലെ സാംസ്കാരിക, മാധ്യമ മേഖലക്ക് തീരാ നഷ്ടമാണ്. കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും അനുശോചന സന്ദേശത്തില്‍ മന്ത്രി അറിയിച്ചു.
നിയമസഭാ സ്പീക്കര്‍
കെ.എം.റോയിയുടെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് അനുശോചിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്ത് വലിയ സൗഹൃദവലയത്തിന് ഉടമയായിരുന്നു റോയി. പുതുതലമുറയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്നും ഒരു പ്രചോദനമായിരുന്നു കെ എം റോയി.
മന്ത്രി പി എ മുഹമ്മദ് റിയാസ്
കെ എം റോയിയുടെ നിര്യാണത്തില്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചിച്ചു. മലയാളം, ഇംഗ്ലീഷ് മാധ്യമ മേഖലകളില്‍ തന്റേതായ വ്യക്തിത്വം പതിപ്പിച്ച കെ എം റോയ് പത്രപ്രവര്ത്തകന്, കോളമിസ്റ്റ്, പ്രഭാഷകന്‍, അധ്യാപകന്, നോവലിസ്റ്റ് എന്നീ നിലകളിലെല്ലാം അറിയപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന് തീരാനഷ്ടമാണ്. – മന്ത്രി പറഞ്ഞു.
കെ സുധാകരന്
കെ.എം.റോയിയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി അനുശോചിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള മാധ്യമപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. മലയാളം,ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തന രംഗത്ത് തന്റേതായ ശൈലിയും വ്യക്തിമുദ്രയും പതിപ്പിച്ച മാധ്യമപ്രവര്ത്തകന്.മികച്ച പ്രാസംഗികന്, നോവലിസ്റ്റ് എന്നീനിലകളിലും കഴിവ് തെളിയിച്ച അതുല്യ ബഹുമുഖപ്രതിഭ. വെല്ലുവിളികളെ സുസ്മേരവദനനായി നേരിട്ട റോയ് പ്രസരിപ്പിന്റെ ആള്‍രൂപമായിരുന്നു. രോഗം പലപ്പോഴും അദ്ദേഹത്തെ തളര്‍ത്താന്‍ നോക്കിയപ്പോഴെല്ലാം പ്രസരിപ്പോടെയും ചങ്കുറപ്പോടെയും നേരിട്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തി. വലിയ സൗഹൃദവലയത്തിന് ഉടമയായിരുന്ന റോയിയ്ക്ക് അതെന്നും താങ്ങും തണലുമായിരുന്നു. മാധ്യമപ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന്റെ ശക്തിയും കൈമുതലും പതിറ്റാണ്ടുകളുടെ അനുഭവപരിചയമാണ്. പുതുതലമുറയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്നും പാഠപുസ്തകമാണ് കെ എം റോയിയുടെ മാധ്യമജീവിതം.അദ്ദേഹത്തിന്റെ വിയോഗം മാധ്യമ ലോകത്തിന് അപരിഹാര്യമായ നഷ്ടമാണെന്നും സുധാകരന് പറഞ്ഞു.
കെ.സുരേന്ദ്രന് അനുശോചിച്ചു
കെഎം റോയിയുടെ വിയോഗത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് അനുശോചിച്ചു. പത്രപ്രവര്ത്തകന്, പംക്തി എഴുത്തുകാരന്, സാംസ്കാരിക പ്രവര്ത്തകന് എന്നീ മേഖലയിലെല്ലാം തന്റേതായ വ്യക്തിമുദ്രപതിപ്പിച്ചയാളായിരുന്നു അദ്ദേഹം. രാഷ്ട്രീയ- സാമൂഹിക വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ശക്തമായ നിലപാടുകള്‍ ആദരവോടെയാണ് കേരളം ശ്രവിച്ചിച്ചിരുന്നത്. പുതിയ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ വിയോ?ഗത്തില്‍ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും സുരേന്ദ്രന് പറഞ്ഞു
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പ്രഭാഷകനും എഴുത്തുകാരനുമായ കെ.എം.റോയ് അന്തരിച്ചു


