നയതന്ത്ര ബാഗിലൂടെ ഖുര്‍ ആന്‍ കൊണ്ടുവന്ന സംഭവത്തില്‍ കസ്റ്റംസ് പ്രത്യേകം കേസ് എടുത്തു. നയതന്ത്ര ബാഗിലൂടെ കൊണ്ടുവന്ന വസ്തുക്കള്‍ പുറത്ത് വിതരണം ചെയ്തുവെന്നതിലാണ് കേസ്. നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത് കൊണ്‍സുലേറ്റ് ആവശ്യത്തിനുള്ള വസ്തുക്കളാണ് ഇത് വിതരണം ചെയ്യണമെങ്കില്‍ രാജ്യത്തിന്റെ അനുമതി വേണം. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. എന്‍ഐഎയ്ക്ക് നല്കിയ വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍ നടക്കുക. യുഎഇ കോണ്‍സുലേറ്റിനെ എതിര്‍കക്ഷിയാക്കിയാണ് കസ്റ്റംസ് അന്വേഷണം.
യുഎഇ കോണ്‍സുലേറ്റിനെതിരായ ആദ്യ നടപടിയാണ് ഇത്. ഇന്നലത്തെ ചോദ്യം ചെയ്യലില്‍ ഖുര്‍ആന്‍ കൈപ്പറ്റിയത് കേന്ദ്രത്തെ എന്തുകൊണ്ട് അറിയിച്ചില്ല, എന്തുകൊണ്ട് മുന്‍കൂര്‍ അനുമതി തേടിയില്ലെന്ന എന്‍ഐഎയുടെ ചോദ്യത്തിന് ജലീലിന് ഉത്തരം മുട്ടിയെന്നാണ് വിവരം. കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ടത് കൊണ്ടെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. കോണ്‍സുലേറ്റുമായുള്ള ഇടപെടലില്‍ മന്ത്രി ചട്ടങ്ങള്‍ പാലിച്ചില്ലെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച മൊഴി എന്‍ഐഎ കേന്ദ്ര ഓഫീസിന് കൈമാറി.
മന്ത്രി കെ ടി ജലീലിന്റെ മൊഴി ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് വിശദമായി പരിശോധിക്കും. മൊഴിയുടെ പകര്‍പ്പ് ഇന്നലെ രാത്രി തന്നെ ഡല്‍ഹിയിലേയും ഹൈദരാബാദിലേയും ഓഫീസുകള്‍ക്ക് കൈമാറിയിട്ടുണ്ട്. മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്കണമെങ്കില് സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് എന്‍ഐഎയുടെ നിലപാട്. കോണ്‍സുലേറ്റില്‍ നിന്ന് ഖുര്‍ആന്‍ കൈപ്പറ്റിയതിലും കോണ്‍സല്‍ സെക്രട്ടറി എന്ന നിലയില്‍ സ്വപ്ന സുരേഷുമായുളള പരിചയം സംബന്ധിച്ചും കൂടുതല്‍ വ്യക്തത വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സ്വപ്നയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഐഎ നല്കിയ അപേക്ഷ വരുന്ന 22 നാണ് ഇനി പരിഗണിക്കുന്നത്. അന്നുതന്നെ സ്വപ്നയെ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഖുര്‍ആനെ രാഷ്ട്രീയ ആയുധമാക്കുന്നെന്ന ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തി. ഖുര്‍ ആന്‍ സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയതില്‍ തെറ്റില്ല. നടക്കുന്നത് ഖുര്‍ ആന്‍ അവഹേളനമാണെന്നും കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.


