നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റ ക്ലോണ്‍ കോപ്പിയും മിറര്‍ ഇമേജും ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഹാഷ് വാല്യു മാറിയത് സംബന്ധിച്ച ദുരൂഹതകള്‍ തുടരുന്നതിനിടെ ആണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
ഹാഷ് വാല്യു മാറിയെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധന വേണമെന്നും തുടരന്വേഷണത്തിന് മൂന്നാഴ്ചത്തെ സമയം കൂടി നീട്ടണമെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. തുടരന്വേഷണം അവസാനിപ്പിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയ പരിധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു അന്ന് പരിഗണിച്ച ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് പരിശോധന വേണമെന്നും കേസ് അട്ടിമറിക്കാന്‍ പലപ്പോഴായി ശ്രമിച്ചതിന് ദിലീപിന്റെ അഭിഭാഷകരെയടക്കം ചോദ്യം ചെയ്യണമെന്നുമാണ് അതിജീവിതയുടെ ഹര്‍ജിയിലെ ആവശ്യം.


