തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഒ രാജഗോപാല്‍ എംഎല്‍എ. സ്വര്‍ണക്കടത്തിനും സ്വപ്നക്കും പുറകേ എല്ലാവരും പോയപ്പോള്‍ സര്‍ക്കാര്‍ വികസനത്തിന് പുറകേ പോയി. ജനങ്ങള്‍ക്ക് വികസനമാണ് ആവശ്യമെന്നും രാജഗോപാല്‍ പറഞ്ഞു.
കൊട്ടിഘോഷിച്ച സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങളും വമ്പന്‍ അവകാശവാദങ്ങളും പൊള്ളയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ വാദം. തിരുവനന്തപുരം കോര്‍പറേഷനിലെ പ്രകടനം തന്നെ ഉയര്‍ത്തിയാണ് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭാഗത്ത് നിന്ന് പോരായ്മകള്‍ ഉണ്ടായിട്ടുണ്ട്. സംഘടനയുടെ ഉള്ളില്‍ നിന്ന് ലഭിച്ച പരാതികള്‍ പരിഹരിച്ചില്ലെന്നും രാജഗോപാല്‍ വിമര്‍ശിച്ചു. ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന തെരഞ്ഞെടുപ്പില്‍ വേണ്ട ആസൂത്രണം താഴേ തട്ടിലെത്തിക്കാന്‍ കഴിഞ്ഞില്ല. ദേശീയ നേതൃത്വത്തിന്റെ സാന്നിദ്ധ്യം സംസ്ഥാനത്തെത്തിക്കാനും നേതൃത്വത്തിനായില്ലെന്ന് വിമര്‍ശനമുണ്ട്. നേടിയ പഞ്ചായത്തുകളില്‍ അധികവും കേവല ഭൂരിപക്ഷമെത്താനാകാത്തതും നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. സിറ്റിങ് വാര്‍ഡുകള്‍ അധികവും നഷ്ടമായതും നേതൃത്വത്തിന് എതിരെ കൃഷ്ണദാസ് പക്ഷം ആയുധമാക്കും.
പാലക്കാട് നില മെച്ചപ്പെടുത്തിയതും പന്തളം പിടിച്ചതും മാത്രമാണ് ആശ്വാസമെന്നാണ് ഈ വിഭാഗത്തിന്റെ പക്ഷം. കെ.സുരേന്ദ്രന് നേതൃത്വം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ ജനകീയ പരീക്ഷണത്തില്‍ തോറ്റുപോയെന്ന് സ്ഥാപിക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പിന് മുന്‍പുണ്ടായിരുന്ന അപസ്വരങ്ങള്‍ പറഞ്ഞൊതുക്കാനാകാത്തത് വരുംദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രകടനം കൂടി മുന്നില്‍ വച്ച് കലാപമുയര്‍ത്താനാകും കൃഷ്ണദാസ് പക്ഷം ശ്രമിക്കുക. ഇടഞ്ഞ് നില്ക്കുന്ന ശോഭ സുരേന്ദ്രനെ പോലുള്ള അസംതൃപ്തരെ കൂടി കൂട്ടുപിടിച്ചാകും പോര് കടുപ്പിക്കുക.