തമിഴ് ചലച്ചിത്ര താരം രജനികാന്തിനെ ബി.ജെ.പിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ശനിയാഴ്ച ചെന്നൈയില്‍ രജനികാന്തുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. കാര്യമായി ഔദ്യോഗിക പരിപാടികളൊന്നുമില്ലാത്ത യാത്ര പാര്‍ട്ടി ഭാരവാഹികളുമായുള്ള ചര്‍ച്ചയ്ക്കാണെന്നാണ് ബി.ജെ.പി അവകാശപെടുന്നത്. എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ പാര്‍ട്ടിയിലെത്തിക്കുന്നതിനാണ് ഷാ നേരിട്ടിറങ്ങുന്നതെന്നാണ് സൂചന. വേല് യാത്ര അവസാനിക്കുന്ന ഡിസംബര്‍ 6 ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ രജനികാന്തിന്റെ ബി.ജെ.പി പ്രവേശനം സാധ്യമാക്കാനാണ് ശ്രമം.
ദ്രാവിഡ രാഷ്ട്രീയ ഭൂമിയില്‍ താമര വിരിക്കാന്‍ വേലെടുത്തിരിക്കുന്ന ബി.ജെ.പി അതിന്റെ അമരത്ത് നില്‍ക്കാനാണ് രജനികാന്തിനെ പരിഗണിക്കുന്നത്. ആര്.എസ്.എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തി വഴി ടത്തിയ ചര്‍ച്ചകള്‍ ഫലം കാണുന്നു എന്നതിന്റെ സൂചനയാണ് ശനിയാഴ്ചത്തെ അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനം.
സഖ്യ കക്ഷികളായ അണ്ണാ ഡിഎം.കെയും ബി.ജെ.പിയും നിലവില്‍ വേര് പിരിയലിന്റെ വക്കിലാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ എല്‍. മുരുകന്റെ വെട്രിവേല്‍ യാത്ര പൊലീസിനെ ഇറക്കി മുഖ്യമന്ത്രി എടപ്പാടി പളനിസാമി പൊളിച്ചതും ഈ അകല്‍ച്ചയുടെ ഭാഗമാണ്. ഈ സാഹചര്യത്തിലാണു അമിത് ഷാ ചെന്നൈ സന്ദര്‍ശനം പ്രഖ്യാപിച്ചത്. വെട്രിവേല്‍ യാത്ര വര്‍ഗീയ ദ്രുവീകരണമുണ്ടാക്കുന്നതാണന്നും അനുവദിക്കില്ലെന്നും പാര്‍ട്ടി പത്രത്തിലൂടെ പ്രഖ്യാപിച്ചാണ് അണ്ണാ.ഡി.എം.കെ ഷായുടെ വരവിനെ എതിരേറ്റത്. ബി.ജെ.പിക്കാവട്ടെ എങ്ങിനെയെങ്കിലും സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ കൂടെ കൂട്ടണമെന്നാണ്. അതിനായാണ് അമിത് ഷായെത്തുന്നതെന്നാണ് സൂചന.
ബംഗളിലേതു പോലെ തമിഴ്നാട്ടിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു അമിത് ഷാ നേരിട്ടു ചുക്കാന്‍ പിടിക്കുമെന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. കോര്‍ കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന, മണ്ഡല ഭാരവാഹികള്‍ തുടങ്ങിയവരുമായി നടത്തുന്ന കൂടികാഴ്ചയിലായിരിക്കും ബി.ജെ.പിയുടെ ദ്രാവിഡ മണ്ണിലെ ഭാവി പരിപാടികള്‍ ഉരുത്തിരിയുക.
രജനികാന്ത് ബി.ജെ.പി പാളയത്തില്‍ ചേക്കേറിയാല്‍ അത് ദക്ഷിണേന്ത്യയില്‍ കര്‍ണാടകയ്ക്ക് പുറത്തേയ്ക്ക് സ്വാധീനം വര്‍ധിപ്പിക്കാനുള്ള ബി.ജെ.പി നീക്കങ്ങള്‍ക്ക് സുപ്രധാനമാകും. തമിഴ് ഹൈന്ദവരുടെ ആരാധാനപാത്രമായ വേല്‍മുരുകനെ രാഷ്ട്രീയ പ്രതീകമാക്കാനാണ് തമിഴ്നാട്ടില്‍ ബി.ജെ.പി യുടെ ശ്രമങ്ങള്‍. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു യോഗം ഡിസംബര്‍ ആറിന് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്താനാണ് ബി.ജെ.പിയുടെ തീരുമാനം.


