ഗവര്‍ണര്‍ സ്ഥാനത്തിന്റെ അന്തസ് കുറച്ചു കാണിച്ചാല്‍ മന്ത്രിമാര്‍ക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രിമാരെ പിന്‍വലിക്കാന്‍ മടിക്കില്ലെന്നുമുള്ള ഗവര്‍ണറുടെ ട്വീറ്റിനെതിരെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ‘തെറ്റായ പ്രവണത നടപ്പാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. മന്ത്രിമാരെ തിരിച്ച് വിളിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. ഗവര്‍ണര്‍ക്ക് അധികാരമില്ലാത്ത കാര്യങ്ങളിലാണ് ഇടപെട്ടു കൊണ്ടിരിക്കുന്നത്. തെറ്റായ പ്രവണതയാണ് ഇവിടെ നടപ്പിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിനോട് ഒരു തരത്തിലും യോജിക്കാന്‍ സാധിക്കില്ല.
ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് തന്നെ ഭരണഘടന വിരുദ്ധമായ ഇത്തരം നയങ്ങളെയും നിലപാടുകളെയും ചെറുത്തു തോല്പിക്കേണ്ടതുണ്ട് എന്ന് തന്നെയാണ് ഞങ്ങളുടെ കാഴ്ചപ്പാട്.’ എം വി ഗോവിന്ദന് പറഞ്ഞു. ആര്.എസ്.എസ് ആണ് താനെന്ന് സ്വയം പറഞ്ഞയാളാണ് കേരളത്തിലെ ഗവര്‍ണര്‍ എന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാര്‍ ഗവര്‍ണര്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ചാല്‍, ഗവര്‍ണര്‍ സ്ഥാനത്തിന്റെ അന്തസ് കുറച്ച് കാണിക്കുന്ന രീതിയില്‍ പെരുമാറിയാല്‍ മന്ത്രി സ്ഥാനം അടക്കം പിന്‍വലിക്കുമെന്നാണ് ഗവര്‍ണര്‍ ട്വീറ്റിലൂടെ പറഞ്ഞത്. മന്ത്രിമാരും മുഖ്യമന്ത്രിയും ഗവര്‍ണറോട് ഉപദേശിക്കുന്ന രീതിയില്‍ മാത്രമേ സംസാരിക്കാന്‍ പാടുള്ളൂവെന്നാണ് ഭരണഘടനയടക്കം സൂചിപ്പിച്ച് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത്.


