തിരുവനന്തപുരം: രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്ന കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണിക്ക് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് പദവി നല്‍കും. ഇത് സംബന്ധിച്ച് ഇടതുമുന്നണിയില്‍ ഏകദേശ ധാരണയായി. രാജ്യസഭ സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയില്‍ സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും അവകാശവാദം ഉന്നയിച്ചതോടെയാണ് പുതിയഫോര്മുലയില് പ്രശ്ന പരിഹാരത്തിന് വഴിതുറന്നത്. കാബിനറ്റ് റാങ്കുള്ള പദവിയാണ് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് സ്ഥാനം. മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മുമ്പ് ഭരണ പരിഷ്കാര കമ്മീഷന് അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് രാജ്യസഭയിലേക്ക് മൂന്നംഗങ്ങളുടെ ഒഴിവാണ് ജൂലൈ ഒന്നിന് ഉണ്ടാകുന്നത്. സിപിഎമ്മിലെ എളമരം കരീം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് ചെയര്മാന് ജോസ് കെ മാണി എന്നിവരാണ് വിരമിക്കുന്നത്. ഇതില്‍ നിയമസഭയിലെ കക്ഷിബലം അനുസരിച്ച് രണ്ട് സീറ്റുകളില്‍ എല്‍ഡിഎഫിന് വിജയിക്കാനാകും. ഒരു സീറ്റ് യുഡിഎഫിനും ലഭിക്കും. എല്‍ഡിഎഫില്‍ ഒരു സീറ്റ് സിപിഎം എടുക്കും. ശേഷിക്കുന്ന സീറ്റിനായിട്ടാണ് സിപിഐയും കേരള കോണ്‍ഗ്രസും രംഗത്തു വന്നിട്ടുള്ളത്. ഇതോടെ രണ്ടാം സീറ്റ് സിപിഐക്ക് തന്നെ നല്‍കും. ഇതിനിടെ സീറ്റാവശ്യപ്പട്ട് എന്‍സിപിയും തലപൊക്കി. പിസി ചാക്കോയ്ക്കുവേണ്ടിയാണ് എന്‍സിപി സീറ്റാവശ്യപ്പെട്ടിരിക്കുന്നത്. ലോക്സഭ സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ രാജ്യസഭ സീറ്റ് പാര്‍ട്ടിക്ക് അനുവദിക്കണമെന്ന് ആര്‍ജെഡി നേതാവ് വര്‍ഗീസ് ജോര്‍ജ് ആവശ്യപ്പെട്ടു.


