ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍. ജമ്മു കശ്മീരിലെ ചിലയിടങ്ങളില്‍ ജോഡോ യാത്രയില്‍ കാല്‍നട യാത്ര ഒഴിവാക്കണമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. സുരക്ഷാ പ്രശ്നമുള്ള മേഖലകളില്‍ പകരം കാറില്‍ സഞ്ചരിക്കാനാണ് നിര്‍ദേശം. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്.
ശ്രീനഗറില്‍ എത്തുമ്പോള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം ഉണ്ടാകരുതെന്നും സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കി. ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന പ്രദേശങ്ങളില്‍ ഏജന്‍സികളുടെ സുരക്ഷാ പരിശോധന തുടരുകയാണ്.
നിലവില്‍ പഞ്ചാബിലൂടെയാണ് ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത്. വ്യാഴാഴ്ച യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കുമെന്ന് കരുതുന്നു. ബുധനാഴ്ച ഹിമാചല്‍ പ്രദേശില്‍ പ്രവേശിക്കും. വ്യാഴാഴ്ച കശ്മീരിലെ കാഠ്വയില്‍ പ്രവേശിക്കും. ജനുവരി 25ന് ബനിഹാലില്‍ ദേശീയപതാക ഉയര്‍ത്തും. 27ന് അനന്ത്നാഗ് വഴി ശ്രീനഗറില്‍ പ്രവേശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജനുവരി 30ന് വിപുലമായ പരിപാടികളോടെ ശ്രീനഗറില്‍ സമാപിക്കും.
ജനുവരി 21 ന് രാവിലെ ഹിരാനഗറില്‍ നിന്ന് ദുഗ്ഗര്‍ ഹവേലി വരെയും ജനുവരി 22 ന് വിജയ്പൂരില്‍ നിന്ന് സത്വാരി വരെയും യാത്ര ചെയ്യും. ചില ഭാഗങ്ങളില്‍ അപകട സാധ്യത ആയതിനാല്‍ അദ്ദേഹത്തിന്റെ കൂടെയുള്ളവരെ തിരിച്ചറിയാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കി. നിലവില്‍ രാഹുല്‍ ഗാന്ധിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണുള്ളത്. ഒന്‍പതോളം സുരക്ഷാ ഭടന്മാരാണ് 24 മണിക്കൂറും രാഹുല്‍ ഗാന്ധിക്കൊപ്പമുള്ളത്.
ജനുവരി 30 ന് ശ്രീനഗറില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തുന്നതോടെയാണ് യാത്ര അവസാനിക്കുക. തമിഴ്നാട്, കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലൂടെയാണ് ജോഡോ യാത്ര ഇതുവരെ കടന്നുപോയത്.
പ്രതിപക്ഷത്തുള്ള 21 പാര്‍ട്ടികളുടെ നേതാക്കളെ യാത്രയുടെ സമാപനത്തിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. അതേസമയം അരവിന്ദ് കെജ്രിവാള്, എച്ച്ഡി ദേവഗൗഡ, ഒവൈസി തുടങ്ങി എട്ടോളം രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് ക്ഷണമില്ല.


