നെടുമങ്ങാട് സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കും എസ്ഐക്കുമെതിരെ ഭീഷണി പ്രസംഗവുമായി സിപിഎം ഏരിയാ സെക്രട്ടറി. നെടുമങ്ങാട് ഏരിയാ സെക്രട്ടറി ജയദേവനാണ് എല്‍ഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സിഐ സന്തോഷിനും എസ്ഐ വിക്രമാദിത്യനുമെതിരെ ആഞ്ഞടിച്ചത്. കോണ്‍ഗ്രസിന്റെ കൊടി കത്തിക്കാതിരിക്കാന്‍ സിഐ അത് നെഞ്ചോട് ചേര്‍ത്ത് പിടിച്ചുവെന്ന് ജയദേവന് ആരോപിച്ചു. സിഐയെ ആറാട്ടുമുണ്ടനെന്ന് വിശേഷിപ്പിച്ച ജയദേവന് അധികകാലം സ്റ്റേഷനില്‍ ഞെളിഞ്ഞിരിക്കാം എന്ന് കരുതേണ്ടെന്നും ഭീഷണിപ്പെടുത്തി.
നെടുമങ്ങാട് പൊലീസ് സ്റ്റേഷന് സ്വന്തം കുടുംബത്തിന്റെ വകയാണെന്നാണ് സിഐ കരുതിയിരിക്കുന്നത്. പൊലീസ് സ്റ്റേഷന് ജനങ്ങളുടെ വകയാണ്. അവിടെയിരുന്ന് ആവശ്യമില്ലാത്ത പണി ചെയ്താല്‍ ജനങ്ങള്‍ പണി കൊടുക്കും. സിഐ സന്തോഷിനുള്ള പണി സര്‍ക്കാര്‍ നല്‍കും. ഈ പ്രസംഗം കേള്‍ക്കുന്നവരില്‍ സിഐയുടെ സഹപ്രവര്‍ത്തകരുണ്ടെങ്കില്‍ ഇക്കാര്യം അറിയിക്കണം. കുറേനാളായി നെടുമങ്ങാട് സിഐയുടെ നേതൃത്വത്തില്‍ പണപ്പിരിവ് നടത്തുകയാണ്. പുറത്തുപറഞ്ഞാല്‍ നാണക്കേട് ആകും എന്നുള്ളത് കൊണ്ട് പറയുന്നില്ല.
പരാതിയുമായി എത്തുന്നവരുടെ മുഖത്ത് നോക്കി സംസാരിക്കാന്‍ സിഐ തയ്യാറാകുന്നില്ല. ജില്ലാ സെക്രട്ടറിയുടെ ബന്ധുവാണെന്നാണ് അവകാശവാദം. എന്നാല്‍ ജില്ലാ സെക്രട്ടറിയെ വിളിച്ച് ചോദിച്ചപ്പോള്‍ ഇത്തരത്തില്‍ ബന്ധുവില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ജയദേവന് വ്യക്തമാക്കി. വിക്രമാദിത്യന് എന്ന എസ്ഐ ആണ് ഇതിനെല്ലാം സിഐക്ക് കൂട്ട്. അച്ഛന് പാര്‍ട്ടിക്കാരനാണെന്നാണ് ഇയാളുടെ അവകാശവാദം. അതും വെറുതെയാണ്. കൊള്ളരുതായ്മ ചെയ്തിട്ട് പാര്‍ട്ടിയുടെ ബന്ധുത്വം ആരോപിച്ചിട്ട് കാര്യമില്ലെന്നും ഏരിയ സെക്രട്ടറി പറഞ്ഞു.
നെടുമങ്ങാട് എസ്ഐ ആയി ജോലി ചെയ്യുകയും പിന്നീട് ആറ്റിങ്ങല്‍ ഡിവൈഎസ്പിയുമായ ഹരികുമാറിന്റെ മരണത്തില്‍ പങ്കുള്ളയാളാണ് സിഐ സന്തോഷ് എന്ന ഗുരുതര ആരോപണവും ജയദേവന് ഉന്നയിച്ചു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് കൊടി കത്തിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് വിരട്ടിയോടിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ചേര്‍ന്ന് എല്‍ഡിഎഫ് യോഗത്തിലാണ് ഏരിയ സെക്രട്ടറി സിഐക്കെതിരെ വ്യക്തി അധിഷേപ പ്രസംഗം നടത്തിയത്.


