വിമര്‍ശനങ്ങളുയര്‍ന്നെങ്കിലും സത്യപ്രതിജ്ഞ വേദി മാറ്റേണ്ടെന്ന് തീരുമാനം. 20ന് വൈകിട്ട് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തന്നെ സത്യപ്രതിജ്ഞ നടക്കും. എന്നാല്‍ പങ്കെടുക്കുന്ന ആള്‍ക്കാരുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചു
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന തിരുവനന്തപുരത്ത് 800 ഓളം പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്താനുള്ള തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളും സിപിഐ നേതാക്കളും ചര്‍ച്ച നടത്തിയത്.
സത്യപ്രതിജ്ഞ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തന്നെ നടക്കും. എന്നാല്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. മന്ത്രിമാരും, എംഎല്‍എമാരും, ഉദ്യോഗസ്ഥരും, മാധ്യമ പ്രവര്‍ത്തകരും മാത്രമേ ചടങ്ങില്‍ പങ്കെടുക്കു. രണ്ട് വാക്സിന് സ്വീകരിച്ചവര്‍ക്കും, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കുമാണ് പ്രവേശനം.
വിവിധ മേഖലകളിലുള്ളവരെ ക്ഷണിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അതില്‍ മാറ്റമുണ്ടാകും. സത്യപ്രതിജ്ഞ സംബന്ധിച്ച തീരുമാനങ്ങള്‍ മുഖ്യമന്ത്രി നാളെ വിശദീകരിക്കുമെന്ന് ഇടത് നേതാക്കള്‍ വ്യക്തമാക്കി.


