പിങ്ക് പൊലീസ് കേസില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന് കുട്ടിയുടെ അഭിഭാഷക. അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥ മാപ്പ് പറഞ്ഞാല്‍ മാത്രം മതിയോ എന്നാരാഞ്ഞ് ഹൈക്കോടതി. സ്ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി വൈകുന്നതെന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചു. കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
കുട്ടി അനുഭവിച്ച മാനസീക പീഡനം പറഞ്ഞറിയിക്കാനാകാത്തതെന്ന് കുട്ടിയുടെ അഭിഭാഷക. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥയെ വൈറ്റ് വാഷ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. ഡിജിപി ഈ ഉദ്യോഗസ്ഥയെ ഇങ്ങനെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ അത് അവര്‍ക്ക് ദോഷ്യം ചെയ്യുമെന്നാണ് കോടതി മുന്നറിയിപ്പ്.
പൊലീസ് ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയ ശേഷം കുട്ടി കരഞ്ഞില്ല എന്ന് സംസ്ഥാന ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് ആരെ സംരക്ഷിക്കാന്‍ ആണെന്നാണ് കോടതി ചോദിച്ചത്. ജനം കൂടിയപ്പോള്‍ ആണ് കുട്ടി കരഞ്ഞത് എന്ന് ഡിജിപി പറയുന്നത് തെറ്റാണെന്നും വിഡിയോ ദൃശ്യങ്ങളില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ അഭിഭാഷകന് എന്തിനാണ് വസ്തുതകള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചു.
നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനം അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് ഇനി തിങ്കളാഴ്ചയായിരിക്കും പരിഗണിക്കുക. കുട്ടിക്ക് നഷ്ടപരിഹാരം കൊടുക്കുവാന്‍ ആവുമോ എന്നുള്ളത് അന്ന് സര്‍ക്കാര്‍ അറിയിക്കണം. കേസില്‍ വിധി തിങ്കളാഴ്ച പറയുമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് അറിയിച്ചു.
കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ വിഡിയോ കോണ്‍ഫ്രന്‍സിലൂടെ കോടതിയില്‍ ഹാജരായിരുന്നു. ഇപ്പോള്‍ കുട്ടിയുടെ മാനസിക ആരോഗ്യത്തില്‍ പ്രശ്നങ്ങളില്ലെന്നാണ് ഡോക്ടര്‍ കോടതിയെ അറിയിച്ചത്. പൊലീസ് അവരുടെ മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും, ഉദ്യോഗസ്ഥയെ രക്ഷിക്കാന്‍ ആണ് ശ്രമം നടക്കുന്നതെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ആരോപിച്ചു.


