ഏക സിവില്‍ കോഡ് ബി.ജെ.പി പ്രകടന പത്രികയില്‍ നല്കിയ വാഗ്ദാനമാണെന്നും അതു നടപ്പാക്കുക തന്നെ ചെയ്യുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മതേതരരാജ്യത്ത് എല്ലാവര്ക്കും തുല്യനിയമമാണ് വേണ്ടതെന്നും ഷാ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ മാധ്യമമായ ‘ന്യൂസ്18’ന് നല്കിയ അഭിമുഖത്തിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. ”ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് 1950 മുതല്‍ ഞങ്ങളുടെ പ്രകടനപത്രികയില്‍ പറയുന്നുണ്ട്. ഏതു മതേതരരാജ്യത്തും മുഴുവന്‍ മതക്കാരുമടങ്ങുന്ന പൗരന്മാര്ക്ക് തുല്യനിയമമാണ് വേണ്ടത്. ഞങ്ങളുടെ വാഗ്ദാനമാണത്. അതു യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യും.”-അമിത് ഷാ വ്യക്തമാക്കി. ഏക സിവില്‍ കോഡിനെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യം കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് കാരണം പൗരത്വ ഭേദഗതി നിയമം(സി.എ.എ) നടപ്പാക്കാനായിരുന്നില്ല. നിയമം ഉറപ്പായും നടപ്പാക്കും. 370 വകുപ്പ് റദ്ദാക്കുമെന്നും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും ഞങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുമാറ്റി മോദി അതു നടപ്പാക്കി. രാമക്ഷേത്രത്തിനായി മോദി ഭൂമി പൂജ നടത്തുകയും ചെയ്തു. അയോധ്യയില്‍ ക്ഷേത്ര നിര്‍മാണം പുരോഗമിക്കുകയാണ്. ജമ്മു കശ്മിരില്‍ ദലിതുകള്‍ക്ക് സംവരണമുണ്ടായിരുന്നില്ല. ബി.ജെ.പി അതു നടപ്പാക്കി-അമിത് ഷാ ചൂണ്ടിക്കാട്ടി.


