മുല്ലപ്പെരിയാറിലെ വിവാദ മരം മുറിക്കലില്‍ സര്‍ക്കാര്‍ വാദം ശരിവച്ച് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിശദീകരണം. വിവാദ ഉത്തരവ് ഇറക്കും മുമ്പുള്ള നീക്കങ്ങള്‍ ഉദ്യോഗസ്ഥര്‍ തന്നെ അറിയിച്ചില്ലെന്നാണ് വനം സെക്രട്ടറിയുടെ വിശദീകരണം. സര്‍ക്കാരിലേക്ക് വനം വകുപ്പ് മേധാവിയോ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോ റിപ്പോര്‍ട്ട് നല്‍കിയിയിട്ടില്ലെന്നും വനം സെക്രട്ടറി ചീഫ് സെക്രട്ടറിക് നല്കിയ കുറിപ്പില്‍ പറയുന്നു.
വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാറാണ് സര്‍ക്കാരിന് വിശദീകരണ കുറിപ്പ് നല്‍കിയത്. വനം മേധാവിക്കും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും വിശദീകരണ കുറിപ്പില്‍ വിമര്‍ശനമുണ്ട്. ഈ ഫയല്‍ വനം വകുപ്പിനോ സര്‍ക്കാരിനോ പോയിട്ടില്ല. ഒരു ഭാഗത്ത് സര്‍ക്കാരിനെ പൂര്‍ണായി പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് തമിഴ് നാടിന്റെ അപേക്ഷ വന്നതിന് ശേഷം സുപ്രിംകോടതി ഉത്തരവും, കേരള സര്‍ക്കാരിന്റെ നിര്‍ദേശങ്ങളും ഉത്തരവും പാലിച്ചു കൊണ്ട്, തുടര്‍ നടപടി റിപ്പോര്‍ട്ടും പ്രപ്പോസലും ആവശ്യപ്പെട്ടു കൊണ്ട് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി വനം മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് കത്തയച്ചിരുന്നു. 2020ല്‍ അയച്ച ഈ കത്തിനും റിമൈന്ററിനും മറുപടി നല്‍കിയില്ല. അതുകൊണ്ട് തന്നെ റൂള്‍സ് ഓഫ് ബിസിനസ് പ്രകാരം ഫയല്‍ മന്ത്രിക്ക് അയച്ചിട്ടില്ല.
നവംബര്‍ ഒന്നിന് ചേര്‍ന്ന യോഗത്തെ കുറിച്ച് കുറിപ്പില്‍ പരാമര്‍ശമില്ല. എന്നാല്‍ അതിന് മുന്‍പ് നടന്ന സെക്രട്ടറിതല യോഗത്തിന്റെ മിനിറ്റ്സ് ലഭ്യമായിട്ടില്ലെന്നും, ആ യോഗത്തില്‍ മരംമുറിക്കലിന് അനുമതി നല്കാന് തീരുമാനിച്ചിട്ടില്ലെന്നും വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു.
വിവാദ ഉത്തരവിറക്കിയ വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെ ഉത്തരവിറക്കിയതിനാണ് നടപടി. വിഷയത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടെന്ന സര്‍ക്കാര്‍ വിലയിരുത്തലിന് പിന്നാലെയായിരുന്നു നടപടി.
മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞത്. ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിട്ടില്ല. യോഗം ചേര്‍ന്നതിന് ഒരു രേഖകളും ഇല്ലെന്നും ഇക്കാര്യം ജലവിഭവവകുപ്പ് അഡീഷണല്‍ സെക്രട്ടറി അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.


