കൊല്ലം: പൊലിസ് സേനക്ക് മാനക്കേടായി മാറിയ ഹണി ട്രാപ്പ് കേസില്‍ പരാതിക്കാരനായ എസ്ഐ മൊഴികോടുക്കാതെ മുങ്ങിയതോടെ അന്വേഷണ സംഘം പ്രതിസന്ധിയിലായി. എസ്ഐ ആണ് തന്നെ ഹണി ട്രാപ്പ് നടത്താന്‍ നിര്‍ബന്ധിച്ചതെന്ന് നേരത്തെ ആരോപണ വിധേയയായ അശ്വതി പറഞ്ഞിരുന്നു. രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും പരാതിക്കാരന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാതെ ഒളിച്ചു കളി തുടരുന്നു. ഇക്കാര്യം വ്യക്തമാക്കി എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുകയാണ് അന്വേഷണ സംഘം
കൊല്ലം അഞ്ചല്‍ സ്വദേശിയായ അശ്വതി ഹണി ട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി പണംതട്ടിയെന്നാണ് കൊല്ലം റൂറല്‍ എസ്ഐ നല്കിയ പരാതി. കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഹണി ട്രാപ്പില്‍ കുടുങ്ങി എന്ന സംശയത്തെത്തുടര്‍ന്നാണ് കേസ് പ്രത്യേക അന്വേഷണ സഘത്തിന് കൈമാറിയത്. ഇതിനിടെയാണ് ആരോപണ വിധേയയായ യുവതി പരാതിക്കാരനായ എസ്ഐക്കെതിര ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെന്നാണ് യുവതിക്കെതിരായ പരാതിയില്‍ പറയുന്നത്. നിരവധി പൊലീസുകാര്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായിട്ടുണ്ടെങ്കിലും ആരും പരാതി നല്‍കിയില്ല.
രണ്ട് വര്‍ഷം മുമ്പും സമാനമായ രീതിയില്‍ തട്ടിപ്പ് നടന്നുവെന്നാണ് സൂചന. പിന്നീട് കഴിഞ്ഞ രണ്ടു മാസമായാണ് ഇത്തരത്തിലുള്ള തട്ടിപ്പ് വീണ്ടും സജീവമായത്. ഹണിട്രാപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കുറേക്കാലമായി പൊലീസുകാര്ക്കിടയിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, തട്ടിപ്പിനിരയായ ആരും പരാതി നല്കാന് തയാറാവാതിരുന്നതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. പരാതിക്കാരന് മുങ്ങിയതോടെ അന്വേഷണം തന്നെ അവതാളത്തിലാവുമെന്നാണ് വിവരം. എസ്ഐയാണ് ഹണി ട്രാപ്പിന് നിര്‍ദ്ദേശിച്ചതെന്നും ഐപിഎസ് ഉദ്യോഗസ്ഥരെയടക്കം കെണിയില്‍ വീഴ്ത്താന്‍ തന്നോട് ആവശ്യപ്പെട്ടെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
″അശ്വതിയുടെ വാക്കുകള്‍″
‘2019 ല്‍ സുമേഷ് ലാല്‍ എന്ന എസ്ഐക്കെതിരെ ഞാന്‍ പീഡന പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഇയാള്‍ സസ്പെന്‍ഷനിലായി. പിന്നീട് തുടര്‍ന്നിങ്ങോട്ട് പല രീതിയിലും പലതും അയാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാനല്ല ശരിക്കും ഹണി ട്രാപ്പ് നടത്തിയത്. അയാള്‍ എന്നെ വെച്ച് ഹണി ട്രാപ്പ് നടത്താന്‍ നോക്കിയയാളാണ്. പല ഐപിഎസ് ഉദ്യോഗസ്ഥന്മാരെയും ചാറ്റ് ചെയ്ത് കെണിയില്‍പെടുത്തിയിട്ട് അതിന്റെ സ്ക്രീന്‍ ഷോട്ട് ഇയാള്‍ക്കയച്ചു കൊടുക്കണമെന്ന് പറഞ്ഞു,’ യുവതി പറഞ്ഞു. തന്നെ വെച്ച് നടത്താനുദ്ദേശിച്ച കാര്യങ്ങള്‍ ഞാന്‍ പുറം ലോകത്തോട് വിളിച്ച് പറഞ്ഞപ്പോഴാണ് തനിക്കെതിരെ വേട്ടയാടല്‍ തുടങ്ങിയതെന്നും 2019 മുതല്‍ ഈ പ്രശ്നങ്ങള്‍ ഞാന്‍ അനുഭവിക്കുകയാണെന്നും യുവതി പറഞ്ഞു.