നടിയെ ആക്രമിച്ച കേസില്‍ ഇന്ന് നിര്‍ണായക ദിനം. തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെമ്മറി കാര്‍ഡിന്റെ പരിശോധനാ ഫലം പുറത്തു വന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. തുടരന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് മൂന്നാഴ്ചത്തെ സമയം കൂടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് പരിശോധനാ ഫലം പുറത്തു വന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം അനിവാര്യമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ ഹര്‍ജിയിലെ ആവശ്യം. മാത്രവുമല്ലാ കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ മുന്‍ ജയില്‍ ഡിജിപി ആര് ശ്രീലേഖയെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ടനുസരിച്ച് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു 3 തവണ മാറിയിട്ടുണ്ട്. മജിസ്ട്രേറ്റ് കോടതി, ജില്ലാ കോടതി വിചാരണക്കോടതി എന്നിവിടങ്ങളില്‍ വച്ചായിരുന്നു മെമ്മറി കാര്‍ഡ് അനധികൃതമായി തുറക്കപ്പെട്ടത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയില്‍ വ്യക്തമാക്കും.
നടിയെ ആക്രമിച്ച കേസിലെ പ്രധാനതെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു കോടതിയുടെ കസ്റ്റഡിയിലിരിക്കെ മാറിയ സംഭവം ഏറെ ഗൗരവകരവും തുടരന്വേഷണത്തിന്റെ ഗതി തന്നെ മാറ്റിയേക്കാവുന്നതാണ്. അതേസമയം കേസില്‍ അതിജീവിതം നല്കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ദിലീപിന്റെ അഭിഭാഷകരെ ഉള്‍പ്പെടെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തയ്യാറാകുന്നില്ലെന്നും തുടര്‍ അന്വേഷണം പാതിവഴിയില്‍ അവസാനിപ്പിച്ച് കുറ്റപത്രം നല്കാന് നീക്കം ഉണ്ടെന്നും അന്വേഷണത്തിനു ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നും കാണിച്ചാണ് ഹര്‍ജി.