പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് കയറി പ്രതിഷേധിച്ച ഡിവൈഎഫ്ഐ നടപടിയെ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. വസതിയിലേക്ക് തള്ളിക്കയറിയത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. എന്താണ് അവിടെ സംഭവിച്ചതെന്നുള്ള കാര്യം വിശദമായി അന്വേഷിക്കും. കണ്ണൂരില്‍ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയം സംഭവം അംഗീകരിക്കാനാവാത്തതാണ്. കെപിസിസി ഓഫീസ് ആക്രമിച്ചതും സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിപക്ഷ ആരോപണത്തില്‍ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങുകയാണ് എല്‍ഡിഎഫ്. ഈ മാസം 21 മുതല്‍ ജില്ലകളില്‍ റാലിയും പൊതുയോഗവും നടത്തും. ഇന്നു നടന്ന എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെയും പ്രതിപക്ഷ പ്രക്ഷോഭത്തേയും പ്രതിരോധിക്കും.
എല്‍ഡിഎഫ് യോഗത്തില്‍ വിമാനത്തിലെ പ്രതിഷേധം വിശദീകരിച്ച് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന് രംഗത്തെത്തി. താന്‍ മുഖ്യമന്ത്രിക്ക് പ്രതിരോധം തീര്‍ക്കുകയായിരുന്നെന്ന് ഇ പി ജയരാജന് യോഗത്തില്‍ പറഞ്ഞു. വിമാനത്തില്‍ ആക്രമണ ശ്രമമുണ്ടായതിനെ കുറിച്ച് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരിച്ചു. വഴിയില്‍ നിന്ന് ഇപി പ്രതിരോധം തീര്‍ത്തെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. തന്റെ നേര്‍ക്ക് വന്നവരെ തടഞ്ഞത് ജയരാജന് ആണെന്ന് മുന്നണി യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത് ആസൂത്രിതമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് ആരോപിച്ചു. ആയുധങ്ങളുമായി മൂന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് കന്റോണ്‍മെന്റ് ഓഫിസില്‍ അതിക്രമിച്ച് കയറിയത്. കന്റോണ്‍മെന്റ് ഹൗസിന്റെ ഗേറ്റ് പ്രവര്ത്തകന് ചാടിക്കടക്കുകയായിരുന്നു. ഗേറ്റിന് പുറത്തും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യവും വിളിച്ചു. മാര്‍ച്ചില്‍ നേരിയ സംഘര്‍ഷവുമുണ്ടായി.


