തിരുവനന്തപുരം: മാനവിയം വീഥിയിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് വെട്ടേറ്റു. ചെമ്പഴന്തി സ്വദേശി ധനുകൃഷ്ണന്റെ കഴുത്തിലാണ് പരിക്കേറ്റത്. റീല്‍സ് എടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം ഒടുവില്‍ അക്രമത്തില്‍ കലാശിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ഇടപഴഞ്ഞി എസ്കെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മാനവീയം വീഥിയില്‍വച്ച് പൂജപ്പുര സ്വദേശി ഷമീര്‍, അഖില്‍, ദീക്ഷിത എന്നിവര്‍ ധനു കൃഷ്ണന്, നിതിന്‍, പൂജ എന്നിവരുമായി വഴക്കുണ്ടായി. ധനു കൃഷ്ണയ്ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെ ഇതിനിടെ ഷമീര്‍ കമന്റ് അടിച്ചതാണ് തര്‍ക്കത്തിലേക്കും പീന്നീട് സംഘര്‍ഷത്തിലേക്കും നയിച്ചത്. ഇതിനിടെ ഷമീര്‍ കൈവശംവച്ചിരുന്ന വെട്ടുകത്തി കൊണ്ട് ധനു കൃഷ്ണന്റെ കഴുത്തില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഷമീറിനെയും ദീക്ഷിതയേയും പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഖില്‍ ഓടി രക്ഷപ്പെട്ടു.
ഒരുമാസത്തിനിടെ മാനവീയം വീഥിയില്‍ നടക്കുന്ന ഏഴാമത്തെ സംഘര്‍ഷമാണിത്. തിരുവനന്തപുരത്തെ നൈറ്റ് ലൈഫ് കേന്ദ്രമായി മാനവിയം വീഥിയെ മാറ്റാന്‍ നഗരസഭയും സര്‍ക്കാരും ശ്രമിക്കുന്നതിനിടെയാണ് അനിഷ്ടസംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നത്.