പൗരന്മാരുടെ ഭരണഘടന അവകാശങ്ങള്‍ ഉറപ്പാക്കുന്ന ഒരുപിടി ചരിത്ര വിധികള്‍ എഴുതിയ ജസ്റ്റിസ് ആര്.എഫ്. നരിമാന് ഇന്ന് സുപ്രീംകോടതിയുടെ പടിയിറങ്ങുന്നു. ശബരിമല യുവതീ പ്രവേശനത്തിന് അനുകൂലമായ നിലപാടാണ് ആര്.എഫ്. നരിമാന് സ്വീകരിച്ചത്. പെരുന്നാള്‍ ഇളവുകളില്‍ കേരളത്തെ രൂക്ഷമായി വിമര്‍ശിച്ചു. രാഷ്ടീയത്തിലെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കാന്‍ വലിയ ശസ്ത്രക്രിയ തന്നെ നടത്തണമെന്ന് ഭരണ നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചുക്കൊണ്ടാണ് നരിമാന്റെ പടിയിറക്കം.
ഭരണഘടനാ വിദഗ്ധന്‍ ഫാലി എസ്. നരിമാന്റെ മകനായിരുന്നു ആര്‍എഫ് നരിമാന്. രാജ്യം കണ്ട എക്കാലത്തെയും മികച്ച അഭിഭാഷകരില്‍ ഒരാളായ നാനി പല്‍ക്കിവാലയുടെ ശിഷ്യന്. 37ആം വയസില്‍ സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായി. 2011ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സോളിസിറ്റര്‍ ജനറല്‍. സുപ്രിംകോടതി ജഡ്ജി പദവിയിലെത്തിയ നാലാമത്തെ അഭിഭാഷകന്.
ഭരണഘടനയാണ് വിശുദ്ധ പുസ്തകമെന്ന് സ്വന്തം വിധികളിലൂടെ പൗരന്മാരെ നിരന്തരം ഓര്‍മപ്പെടുത്തുന്ന ന്യായാധിപനായിരുന്നു ആര് എഫ് നരിമാന്. സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ച ഒന്‍പതംഗ ബെഞ്ചില്‍ നരിമാനുമുണ്ടായിരുന്നു. ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച് സുപ്രധാന വിധിയെഴുതി. സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളിക്കൊണ്ട് എഴുതിയ ന്യൂനപക്ഷ വിധിയില്‍ വെട്ടിത്തുറന്ന് പറഞ്ഞു.
മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന് വിധിച്ചു. ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍.കെ. അഡ്വാനി അടക്കം മുതിര്‍ന്ന ബിജെപി നേതാക്കള്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടു. വധശിക്ഷ ലഭിച്ച കേസുകളിലെ പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ തന്നെ വാദം കേള്‍ക്കണമെന്ന വിധി മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതായി.
ഐ.ടി നിയമത്തിലെ 66A വകുപ്പ് റദ്ദാക്കി. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിന് എട്ട് രാഷ്ടീയ പാര്‍ട്ടികള്‍ക്ക് പിഴയിട്ടതാണ് ഒടുവിലത്തെ സുപ്രധാന വിധി.


