കണ്ണൂര്‍: പ്രസീതയുടെയും കെ സുരേന്ദ്രന്റെയും പുതിയ ശബ്ദരേഖ പുറത്ത്. ജാനുവിനെ കാണാനായി ഹോട്ടലിലെത്തും മുന്‍പ് സുരേന്ദ്രന് വിളിച്ച ഫോണ്‍ കോളിലെ സംഭാഷണമാണ് പ്രസീത പുറത്തു വിട്ടത്. സികെ ജാനുവുമായുള്ള കാര്യങ്ങളൊന്നും കൃഷ്ണദാസ് അറിയരുതെന്ന് ശബ്ദരേഖയില്‍ സുരേന്ദ്രന്റേതെന്ന് കരുതപ്പെടുന്ന സംഭാഷണങ്ങളില്‍ ആവശ്യപ്പെടുന്നുണ്ട്.
‘ഞാനിതെല്ലാം റെഡിയാക്കി എന്റെ ബാഗില്‍ വച്ചിട്ട് ഇന്നലെ മുതല്‍ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു നടക്കുകയാണ്’ എന്നും ‘രാവിലെ ഒന്‍പത് മണിയോടെ കാണാനെത്താം’ എന്നും ‘സികെ ജാനു കൃഷ്ണദാസിനോട് ഇതൊന്നും പറയില്ലല്ലോ’ എന്നുമൊക്കെ ശബ്ദരേഖയില്‍ പറയുന്നുണ്ട്. സികെ ജാനുവിന് എല്‍ഡിഎഫ് വിട്ട് എന്‍ഡിഎയുടെ ഭാഗമാകാന്‍ പത്ത് ലക്ഷം രൂപ സുരേന്ദ്രന് നല്‍കിയെന്നാണ് പ്രസീതയുടെ ആരോപണം. പണം തരാമെന്ന് സമ്മതിക്കുന്ന സുരേന്ദ്രന്റേതെന്ന് കരുതപ്പെടുന്ന ശബ്ദരേഖയും നേരത്തെ പ്രസീത പുറത്തുവിട്ടിരുന്നു.
സികെ ജാനുവിന്റെ വീട്ടില്‍ പോയി മുന്നണി മാറ്റത്തെ കുറിച്ച് സംസാരിച്ച ഘട്ടത്തില്‍, കൃഷ്ണദാസ് വിളിച്ച കാര്യം അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ അങ്ങിനെയൊരു തീരുമാനം ഇപ്പോഴെടുക്കേണ്ട എന്നായിരുന്നു സികെ ജാനുവിന്റെ നിലപാട്. ആ സമയത്ത് മുസ്ലിം ലീഗ് ഒരു സീറ്റ് വാഗ്ദാനം ചെയ്ത് നില്‍ക്കുന്നത് കൊണ്ടാണ് അങ്ങിനെ ഒരു നിലപാട് എടുത്തതെന്നാണ് ഞങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ അത് നടക്കാതെ പോയി. പിന്നീടാണ് കെ സുരേന്ദ്രനുമായി ഒരു കൂടിക്കാഴ്ച നടത്തണമെന്ന് പറഞ്ഞത്. അപ്പോള്‍ അനുകൂല നിലപാട് സ്വീകരിച്ചുവെന്ന് പ്രസീത പറഞ്ഞു.
ബിജെപിക്ക് അകത്തെ ചേരിതിരിവ് കൊണ്ടാകാം കൃഷ്ണദാസിനോട് ഇക്കാര്യം പറയേണ്ടെന്ന് സുരേന്ദ്രന് പറഞ്ഞത്. വിട്ടുപോയ ഘടകകക്ഷികളെ തിരികെ കൊണ്ടു വരണമെന്ന ഒരു തീരുമാനം ഉണ്ടായിരുന്നു. സികെ ജാനുവിനെ കൊണ്ടു വരണമെന്ന് കൃഷ്ണദാസും സുരേന്ദ്രനും തീരുമാനിച്ചിട്ടുണ്ടാകാം. കൃഷ്ണദാസ് അറിയുന്നതില്‍ ഒരു പേടി അദ്ദേഹത്തിനുണ്ടായിരുന്നു. കൊടുക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പേയാണ് ഞങ്ങള്‍ സംസാരിച്ചത്. കൃഷ്ണദാസുമായി ഇപ്പോഴും അവര്‍ക്ക് നല്ല ബന്ധമാണ്. മുട്ടില്‍ മരംമുറി കേസില്‍ സികെ ജാനുവും അവരെല്ലാംവരും ഒരുമിച്ചാണ് ഇന്നലെ അവിടം സന്ദര്‍ശിച്ചത്. ഇത്രയും വിഷയങ്ങള്‍ ഉള്ളപ്പോഴും സികെ ജാനുവിനെ സംരക്ഷിച്ചാണ് ബിജെപി പോകുന്നതെന്നും പ്രസീത പറഞ്ഞു.