പത്തനംതിട്ട ശബരിമലയില്‍ ദര്‍ശന സമയം കൂട്ടാന്‍ തീരുമാനം. രാവിലെയും വൈകിട്ടും അരമണിക്കൂര്‍ വീതമാണ് ദര്‍ശന സമയം കൂട്ടുക. ഇത് പ്രകാരം നേരത്തെ 18 മണിക്കൂറായിരുന്ന ദര്‍ശന സമയം 19 മണിക്കൂറായി മാറും. തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ സമയം കൂട്ടാനാകുമോയെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചിരുന്നു. ഇതേ തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവരും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്ദഗോപനും എക്സിക്യൂട്ടീവ് ഓഫീസര്‍ എച്ച് കൃഷ്ണകുമാറും കൂടിയാലോചിച്ച ശേഷമാണ് സമയക്രമം തീരുമാനിച്ചത്.
ളാഹ മുതല്‍ നിലയ്ക്കല്‍ വരെ പൊലീസ് പട്രോളിങ് ഉണ്ടാകണമെന്ന കോടതി പറഞ്ഞു. ആരും ദര്‍ശനം കിട്ടാതെ മടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
അതേസമയം, ശബരിമലയിലെ തിക്കും തിരക്കും കൂടുന്നതിനാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറയ്ക്കണമെന്ന് പൊലീസ്. പ്രതിദിന പ്രവേശനം 85000 പേര്‍ക്കായി ചുരുക്കണമെന്നാണ് പൊലീസ് നിര്‍ദേശം. നിലവില്‍ പ്രതിദിനം ബുക്കിംഗിന് അവസരം 1.2 ലക്ഷം പേര്‍ക്കാണ്. തീര്‍ത്ഥാടകരുടെ എണ്ണം ഒരു ലക്ഷം കടന്നതോടെ ഇന്നലെ തിരക്കില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍നടപടി നിശ്ചയിക്കാന്‍ നാളെ പൊലീസ്- ദേവസ്വം ബോര്‍ഡ് ഉന്നതതല യോഗം ചേരും.


