നാടിനെ നടുക്കിയ മുണ്ടക്കൈ ദുരന്തത്തിന് കാരണം കനത്ത മഴ തന്നെയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്. സ്ഥലത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കിപ്രദേശത്ത് നിരവധി ഉരുള്‍പൊട്ടലുകള്‍ ഉണ്ടായതായും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വിലയിരുത്തി.വയനാട്ടിലെ അപകടമേഖയില്‍ 2018 മുതല്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
2019ൽ പുത്തുമലയിലേത് ഉൾപ്പടെ വെള്ളരിമലിയും ചൂരൽമലയിലുമൊക്കെയായി ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലുകൾ സംഭവിച്ചിട്ടുണ്ട്. ജൂലൈ മൂന്നാം വാരം മുതൽ ഈ മേഖലകളിൽ തുടർച്ചയായി മഴ പെയ്തിട്ടുണ്ട്. ദുരന്തമുണ്ടാകുന്നതിന് മുമ്പുള്ള 24 മണിക്കൂറിൽ പുത്തുമലയിൽ പെയ്തിറങ്ങിയത് 372.6 മി.മീ മഴയാണ്, തെറ്റമലയിൽ 409 മി.മീ മഴയും. സമീപപ്രദേശങ്ങളിലെല്ലാം മഴ കനത്തുപെയ്തു. നാടിനെ നടുക്കിയ വയനാട് ദുരന്തത്തില്‍ നാനൂറിലേറെ പേരാണ് മരിച്ചത്. നൂറിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്ന് നാട്ടുകാരുടേയും ദുരന്തത്തെ അതിജീവിച്ചവരുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ ജനകീയ തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവസ്ഥലം സന്ദര്‍ശിച്ച് എല്ലാ പ്രവര്‍ത്തനങ്ങളിലും ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.


