സുഹൃത്തിന്റെ പീഡന കേസുമായി മുന്നോട്ടു പോയാല്‍ കായിക താരം മയൂഖ ജോണിയേയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിക്കത്ത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങളും ഊമക്കത്തിലുണ്ട്. ഡിജിപിക്ക് പരാതി നല്‍കിയതായി മയൂഖ പറഞ്ഞു.
ജൂലൈ മൂന്നിനാണ് കത്ത് അയച്ചിരിക്കുന്നത്. ഇനി പത്ത് ദിവസം കൂടി എന്ന് കത്തില്‍ പറഞ്ഞിട്ടുണ്ട്. ഇനിയും എതിരെ നീങ്ങിയാല്‍ കുടുംബത്തെ അടക്കം കൊല്ലുമെന്നാണ് കത്തില്‍ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതും അസഭ്യ പ്രയോഗങ്ങളും നിറഞ്ഞതാണ് കത്ത്.
നേരത്തെ സുഹൃത്തിന്റെ പീഡന പരാതിയില്‍ മയൂഖ ഇടപെട്ടിരുന്നു. സുഹൃത്തായ യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നും പൊലീസില്‍ നിന്ന് നീതി കിട്ടിയില്ലെന്നുമായിരുന്നു തൃശൂരില്‍ പത്രസമ്മേളനം നടത്തി മയൂഖ വെളിപ്പെടുത്തിയത്. ഈ പീഡനക്കേസിലെ പ്രതിയുടെ പേരിലാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഭീഷണിക്കത്ത്.
2016 ജൂലൈ 9ന് വീട്ടില്‍ ആരും ഇല്ലാത്തപ്പോള്‍ മുരിങ്ങൂര്‍ സ്വദേശി സി.സി ജോണ്സണ് മാനഭംഗത്തിന് ഇരയാക്കി, നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയെന്നാണ് ആളൂര്‍ പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസ്. പരാതി നല്കാന് സുഹൃത്ത് ആദ്യം മാനസികമായി തയാറായിരുന്നില്ലെന്നും 2018 ല്‍ വിവാഹ ശേഷം വീണ്ടും ശല്യപ്പെടുത്തിയപ്പോള്‍ സുഹൃത്തില്‍ നിന്നു താന്‍ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കുകയായിരുന്നുവെന്നും മയൂഖ പറഞ്ഞു.
പ്രതിക്ക് വേണ്ടി മന്ത്രിതലത്തില്‍ വരെ ഇടപെടലുണ്ടായതായും വനിതാ കമ്മിഷന് മുന്‍ അധ്യക്ഷ ജോസഫൈന് ഇരയ്ക്കൊപ്പം നിന്നില്ലെന്നും മയൂഖ കുറ്റപ്പെടുത്തിയിരുന്നു. പ്രതിയില്‍ നിന്ന് ഭീഷണി ഉള്ളതായും മയൂഖ വെളിപ്പെടുത്തിയിരുന്നു.


