പിറവത്ത് പാര്‍ട്ടി വിട്ട് കേരള കോണ്‍ഗ്രസിലെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബിനെ പുറത്താക്കി സിപിഐഎം. പാര്‍ട്ടി പ്രാദേശിക നേതൃത്വത്തോട് ആലോചിക്കാതെയാണ് സിന്ധുമോള്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പോയതെന്നാണ് സിപിഐഎം ബ്രാഞ്ച് കമ്മറ്റിയുടെ പ്രധാന വിമര്‍ശനം. ഇതേത്തുടര്‍ന്ന് ഇന്ന് രാവിലെ ബ്രാഞ്ച് കമ്മറ്റി യോഗം ചേര്‍ന്ന് സിന്ധുവിനെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുകയും ലോക്കല്‍ കമ്മറ്റി ഇത് നടപ്പാക്കുകയുമായിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചെയ്തതിന് പുറത്താക്കുന്നു എന്നാണ് കമ്മറ്റികളുടെ വിശദീകരണം. ഉഴവൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗമായിരുന്നു സിന്ധു.
എന്നാല്‍ സിപിഐഎം കോട്ടയം ജില്ലാ കമ്മറ്റി സിന്ധുവിനെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സിന്ധു മത്സരിച്ചത് സ്വതന്ത്രയായിട്ടാണെന്നും സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നുമാണ് കോട്ടയം ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്.
നേരത്തെ സിന്ധുവിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം രാജിവെച്ചിരുന്നു. കേരള കോണ്‍ഗ്രസിനെതിരെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു ജില്‍സിന്റെ രാജി. പണവും ജാതിയും നോക്കിയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതെന്നും പിറവം സീറ്റ് ജോസ് കെ മാണി വിറ്റുവെന്നുമായിരുന്നു ജില്‍സിന്റെ ആരോപണം. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ്് കൂടിയാണ് ജില്‍സ്.
ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ത്ഥി പരിഗണനാ പട്ടികയില്‍ ജില്‍സിന്റെ പേര് ഉയര്‍ന്നിരുന്നു. എന്നാല്‍ അന്തിമ പട്ടിക പുറത്ത് വന്നപ്പോള്‍ സിന്ധു മോള് ജേക്കബിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസവമാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടത്. കുറ്റ്യാടി ഒഴികെ 12 സീറ്റുകളിലേക്ക് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.


