ഒന്നാം വര്‍ഷ പിജി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് അനുകൂല നിലപാടാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വിഷയം കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ പരിഗണനയിലായതിനാല്‍ സര്‍ക്കാരിന് ഇടപെടാനാകില്ല. ഡോക്ടേഴ്സിന്റെ ജോലി ഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതാണെന്നും മന്ത്രി പറഞ്ഞു.
ഡോക്ടേഴ്സുമായി രണ്ട് തവണ ചര്‍ച്ച നടത്തി. ജൂനിയര്‍ ഡോക്ടേഴ്സിനെ നിയമിക്കാന്‍ ഉത്തരവിട്ടിരുന്നു. സ്റ്റൈപ്പന്റ് വര്‍ധനവ് ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഇതിനിടെ പ്രതിഷേധ സമരം തുടരുമെന്ന് പിജി ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രശ്ന പരിഹാരത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് സമരം തുടരുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ചര്‍ച്ചയ്ക്ക് തയാറായില്ലെങ്കില്‍ അടിയന്തര സേവനം നിര്‍ത്തുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കി. ജൂനിയര്‍ റസിഡന്റുമാരുടെ നിയമനത്തില്‍ വ്യക്തത വരുത്തണമെന്നും പിജി ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
നേരത്തെ നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. സമരത്തിലുള്ള പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. കോട്ടയം 75, കോഴിക്കോട്, തൃശൂര്‍ 72, ആലപ്പുഴ 61, തിരുവനന്തപുരം 50, എറണാകുളം 7 എന്നിങ്ങനെയാണ് മെഡിക്കല്‍ കോളജുകളില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുക. ഡോക്ടര്‍മാരുടെ കുറവ് നികത്തണമെന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് പിജി ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.
സമരക്കാരുമായി നേരത്തെ നടത്തിയ ചര്‍ച്ചയില്‍ നിയമനം ഉടനുണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. അത്യാഹിത വിഭാഗം ഉള്‍പ്പെടെ ബഹിഷ്കരിക്കാന്‍ പിജി ഡോക്ടര്‍മാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാര്‍ നടപടി.


