കണ്ണൂര്‍: നിയമ പോരാട്ടത്തിനൊടുവില്‍ ഖാദി ബോര്‍ഡില്‍ നിന്ന് ദിവസക്കൂലി ലഭിക്കാനുള്ള നിഷയ്ക്ക് നീതി. സെയില്‍സ് അസിസ്റ്റന്റായിരുന്ന കുറ്യാട്ടൂര്‍ സ്വദേശിക്ക് കിട്ടാനുണ്ടായിരുന്ന 3.37 ലക്ഷം രൂപയുടെ ചെക്ക് ഖാദി ബോര്‍ഡ് നിഷയ്ക്ക് കൈമാറി. അകാരണമായി പിരിച്ചുവിട്ട തന്നെ തിരിച്ചെടുക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് നിഷ പറഞ്ഞു.
ഖാദി ബോര്‍ഡിന്റെ കണ്ണൂര്‍ വിപണന കേന്ദ്രത്തില്‍ ദിവസം 400 രൂപ വേതനത്തില്‍ സെയില്‍സ് അസിസ്റ്റന്റായി നിഷ ജോലിക്ക് കയറിയത് 2013 ലായിരുന്നു. 2017 ല്‍ പിരിച്ചുവിട്ടു. ഇതിനെതിരെ നിഷ ലേബര്‍ കോടതിയില്‍ പോയി ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അനുകൂല വിധി നേടി. ശമ്പളം നല്കാന് കോടതി ഉത്തരവുണ്ടായിട്ടും കഴിഞ്ഞ മൂന്ന് കൊല്ലമായി പണം നല്‍കാതെ ബോര്‍ഡ് നിഷയെ കബളിപ്പിക്കുകയായിരുന്നു.
തിരിച്ചെടുത്തിട്ടില്ലെങ്കില്‍ ഉത്തരവ് വന്ന സമയം മുതലുള്ള ശമ്പളം നല്‍കണമെന്നും നല്‍കില്ലെങ്കില്‍ ഖാദി ബോര്‍ഡിലെ വസ്തുക്കള്‍ ജപ്തി ചെയ്ത് ശമ്പളം ഈടാക്കാനുമായിരുന്നു ഉത്തരവായത്. എന്നാല്‍ ഇതിനെതിരെ ഖാദി ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. അനുകൂല വിധിയും കൈയ്യില്‍ പിടിച്ച് കഴിഞ്ഞ മൂന്ന് കൊല്ലമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന നിഷയ്ക്ക് ഒടുവില്‍ ഖാദി ബോര്‍ഡ് ചെക്ക് കൈമാറുകയായിരുന്നു. ഇനി ജോലിയില്‍ തിരികെ കയറാനുള്ള നിയമ പോരാട്ടം തുടരുകയാണ് കുറ്റിയാട്ടൂര്‍ സ്വദേശി.


