സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്റെ ദേശീയ നേതാവും കേരളത്തിലെ പരിസ്ഥിതി സമരങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന പീറ്ററിന്റെ വിയോഗത്തില്‍ കേരള പരിസ്ഥിതി ഐക്യ വേദിയുടെ പ്രവര്‍ത്തകര്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് ദശകങ്ങളായി മത്സ്യമേഖല നേരിടുന്ന ചെറുതും വലുതുമായ പ്രശ്നങ്ങളില്‍ ഇടപെട്ടിരുന്ന പീറ്റര്‍ കടലിന്റെയും തീരത്തിന്റെയും പാരിസ്ഥിതിക നിലനില്പിന് വേണ്ടിയും ശക്തിയായി വാദിച്ചിരുന്നു. ലോക വ്യാപാര സംഘടന നിലവില്‍ വന്നതോടെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമായി മാറുന്നു എന്ന് തിരിച്ചറിഞ്ഞ് അതിനെതിരെ ദേശീയ തലത്തില്‍ ശബ്ദമുയര്‍ത്തുകയും സ്വതന്ത്ര വ്യാപാര കരാറുകള്‍ക്കെതിരെ കേരളത്തില്‍ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു.
കൂടാതെ എന്ഡോസള്ഫാനമായി ബന്ധപ്പെട്ട സമരങ്ങള്‍, നെല്‍വയല്‍ നീര്‍ത്തട നശീകരണങ്ങള്ക്കെതിരെയുള്ള സമരങ്ങള്‍, ആറന്മുള വിമാനത്താവളത്തിനെതിരെയുള്ള സമരം, പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട പ്രതിഷേധ സമരങ്ങള്‍ ഇവയിലെല്ലാം തന്നെ സജീവമായി. ഈ സമരങ്ങള്‍ക്ക് ശക്തിയും ഊര്‍ജ്ജവും നല്കിയ ഒരു നേതാവായിരുന്നു പീറ്റര്‍. പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ നിലനില്പും തമ്മിലുള്ള ബന്ധം മനസ്സിലാക്കിയ, ഗ്രാമ തല പ്രവര്‍ത്തനത്തില്‍ നിന്ന് ദേശീയ അന്തര്‍ദ്ദേശീയ വേദികളിലേക്കെത്തിയ അപൂര്‍വം ഒരു ആക്ടിവിസ്റ്റ് കൂടിയാണ് പീറ്റര്‍. ഇദ്ദേഹത്തിന്റെ വിയോഗം ഈ മേഖലക്കും സഹപ്രവര്‍ത്തകര്‍ക്കും ഒരു തീരാ നഷ്ടം തന്നെയാണ്’ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഏറെ സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പീറ്റിറിനെ പോലെ പ്രവര്‍ത്തിക്കുന്നവരുടെ പ്രസക്തി വാസ്തവത്തില്‍ കുടുകയാണ് ചെയ്യുന്നത്.


