വെള്ളാപ്പള്ളി നടേശന് പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം.തൊട്ടാല്‍ കൈപൊള്ളുന്ന കേസുകളില്‍ ഫയലുകള്‍ തെക്കുവടക്കോടിക്കുന്നത് പതിവായെന്ന് കോടതി വിമര്‍ശിച്ചു. പ്രോസിക്യൂഷന് അനുമതിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുന്ന സര്‍ക്കാര്‍ മറുപടി നല്കി.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പിന്നാക്ക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. കേസില്‍ പ്രോസിക്യൂഷന് അനുമതി വൈകുന്നതില്‍ സര്‍ക്കാരിനെയും, അഭിഭാഷകനെയും രൂക്ഷമായി വിമര്‍ശിച്ചു. ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണോ എന്ന സംശയവും ഹൈക്കോടതി പ്രകടിപ്പിച്ചു. കൈതൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടെങ്കില്‍ ഇങ്ങനെ തെക്കും വടക്കും നടത്തുന്നതാണ് രീതി. ഇത് തുടര്കഥയാക്കുന്നതായും കോടതി വിമര്‍ശിച്ചു. ഗൂഡലക്ഷ്യമാണ് ഇതിന് പിന്നിലെന്നും ജസ്റ്റിസ് എ ബാധറുദ്ധീന് പറഞ്ഞു.
വിജിലന്‍സ് വിഭാഗം വിവരം അറിയിക്കാന്‍ വിട്ടുപോയതാണെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വിശദീകരണം. പ്രോസിക്യൂഷന് അനുമതിയില്‍ ഉടന്‍ തീരുമാനം എടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചില്ലെങ്കില്‍ കോടതി അലക്ഷ്യ നടപടി എടുക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

