തിരുവനന്തപുരം: മത്സ്യത്തൊഴിലാളി മേഖലയിലെ കരുത്തുറ്റ നേതാവും നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം ജനറല്‍ സെക്രട്ടറിയുമായ ടി. പീറ്റര്‍ അന്തരിച്ചു. 62 വയസായിരുന്നു. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു അന്ത്യം. നിലവില്‍ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന കമ്മിറ്റി അംഗവും അലകള്‍ എന്ന പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററുമാണ്. മകള്‍ ഡോണ. മരുമകന്: ജിജോ.
തിരുവനന്തപുരം വേളി സ്വദേശിയായ പീറ്റര്‍ കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും മത്സ്യതൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. തിരുവനന്തപുരത്തെ ജനകീയ പ്രശ്നങ്ങളിലെല്ലാം സജീവമായി ഇടപെട്ടിരുന്നു. 2018ലെ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി പത്തനംതിട്ടയിലേക്ക് അടക്കം മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും അയക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും പീറ്ററാണ്.
സിസ്റ്റര്‍ ആഗ്നസിനൊപ്പം 1987- 90 കളില്‍ മത്സ്യത്തൊഴിലാളി പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയായി. വിദേശ ട്രോളറുകള്‍ക്ക് തീരക്കടലില്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയതിനെതിരെ പ്രക്ഷോഭം നയിച്ചതിലൂടെ ശ്രദ്ധേയനായി. സംസ്കാരം തിരുവനന്തപുരം വേളി സെന്റ് സേവ്യേഴ്സ് പള്ളിയില്‍.
പീറ്ററിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. മത്സ്യത്തൊഴിലാളികളുടെ സമസ്ത പ്രശ്നങ്ങളിലും ഇടപെടാനും പരിഹരിക്കാനും മുന്നിട്ടിറങ്ങിയ സ്ഥിരോത്സാഹിയായ പൊതു പ്രവര്‍ത്തകനായിരുന്നു പീറ്റര്‍ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.


