കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫിലെടുക്കുന്നതില്‍ പരസ്യമായി അതൃപ്തി പ്രകടമാക്കി സിപിഐ കോട്ടയം ജില്ലാ നേതൃത്വം. ജോസ് കെ മാണി മുന്നണിയില്‍ വരുന്നത് കൊണ്ട് കാര്യമായ ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും വലിയ അത്ഭുതമൊന്നും അവര്‍ വരുന്നത് കൊണ്ട് ഉണ്ടാകില്ലെന്നും സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ. ശശിധരന് പറഞ്ഞു.
സിപിഎമ്മുമായി ധാരണയുണ്ടാക്കിയ സാഹചര്യത്തില്‍ മുന്നണി പ്രവേശനത്തിന് തടസമുണ്ടാകില്ല എന്നിരിക്കെയാണ് സിപിഐ വീണ്ടും അതൃപ്തി പ്രകടമാക്കി രംഗത്തുവന്നിരിക്കുന്നത്. അതേസമയം ജോസ് കെ.മാണിയുടെ വരവ് സംബന്ധിച്ച് മുന്നണിയില്‍ ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും സിപിഐയുടെ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജോസ് കെ മാണി യുഡിഎഫ് വിടുന്നതില്‍ അദ്ദേഹത്തിനൊപ്പമുള്ളവര്‍ക്ക് തന്നെ അഭിപ്രായ വിത്യാസമുണ്ട്. അണികളിലെ വലിയൊരു വിഭാഗം യുഡിഎഫ് വിടുന്നതിന് എതിരാണ്. അതുകൊണ്ടുതന്നെ ജോസ് കെ മാണി എല്‍ഡിഎഫിലെത്തിയാല്‍ നേട്ടം പ്രതീക്ഷിക്കേണ്ടതില്ല. സിപിഐയുടെ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കാനും പോകുന്നില്ല. മുന്‍കാല അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വലിയ അത്ഭുതമൊന്നും അവര്‍ വരുന്നത് കൊണ്ട് ഉണ്ടാവുമെന്ന അഭിപ്രായം ഞങ്ങള്‍ക്കില്ലെന്നും സി.കെ. ശശിധരന് പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജന്മദിനമായ വെള്ളിയാഴ്ച മുന്നണി മാറ്റം സംബന്ധിച്ചുള്ള നിലപാട് ജോസ് കെ.മാണി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിനു മുന്നേയാണ് സിപിഐ കോട്ടയം ജില്ലാ കമ്മറ്റി ശക്തമായ എതിര്‍പ്പുമായി വീണ്ടും രംഗത്തെത്തിയത്.


