ടോക്കിയോയിലെ ആരവങ്ങള്ക്കിയില് നിന്ന് ഉയിരുരുകുന്ന വേദനയിലേക്കാണ് ഒളിംപിക്സിലെ ഇന്ത്യന്‍ അത്ലറ്റിക്സ് ടീം അംഗമായ എസ്. ധനലക്ഷ്മി പറന്നിറങ്ങിയത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെ വമ്പന്‍ സ്വീകരണത്തിനു പിറകെ സഹോദരിയുടെ മരണ വാര്‍ത്ത ബന്ധുക്കള്‍ ധനലക്ഷ്മിയെ അറിയിച്ചു. ജൂലൈ 12 നു നടന്ന മരണം മല്‍സര തയ്യാറടെുപ്പുകളെ ബാധിക്കുമെന്നതിനാല്‍ ഇതുവരെ ബന്ധുക്കള്‍ ധനലക്ഷ്മിയില്‍ നിന്ന് ഒളിപ്പിക്കുകയായിരുന്നു.
നൂറ്റി മുപ്പത് കോടി ജനങ്ങളെ ഒളിംപിക്സ് വേദിയില്‍ പ്രതിനിധീകരിക്കുക. മെഡല്‍ നേടായില്ലെങ്കിലും ഏതൊരു കായിക താരവും ലക്ഷ്യം വെയ്ക്കുന്ന ഒളിംപ്യനെന്ന പദവിയിലെത്തിയതിന്റെ സന്തോഷവുമായാണു പ്രിയപ്പെട്ടവരുടെ അരികിലേക്കു എസ്. ധനലക്ഷ്മി വിമാനമിറങ്ങിയത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിനു മുന്നില്‍ ചെണ്ടയും മേളവുമായി പ്രിയപ്പെട്ടവരും നാട്ടുകാരും ഒരുക്കിയ വമ്പന്‍ സ്വീകരണമൊരുക്കി.
സന്തോഷത്തിനും ആഹ്ളാദത്തിനും പക്ഷേ നിമിഷങ്ങളുടെ ആയുസേയുണ്ടായിരുന്നൊള്ളൂ. ജീവന്റെ പാതിയായ സഹോദരിയുടെ മരണ വിവരം അടുത്ത ബന്ധുക്കള്‍ അറിയിച്ചതോടെ അത്യാഹ്ളാദത്തിന്റെ വേദിയില്‍ നിലത്തു വീണ് അലറിക്കരഞ്ഞു താരം.
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് അച്ഛനെ നഷ്ടമായ ധനലക്ഷ്മിയുടെ ലോകം അമ്മ ഉഷയും രണ്ടു സഹോദരിമാരുമായിരുന്നു. ഇന്ത്യന്‍ ടീം ടോക്കിയോവിലേക്കു പുറപ്പെടുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് ജൂലൈ 12 നാണു ധനലക്ഷ്മിയുടെ മൂത്ത സഹോദരി ഗായത്രി ഹൃദയാഘാത്തെ തുടര്‍ന്ന് മരിച്ചത്.
മരണ വിവരം അറിയുന്നതോടെ താരം മല്‍സരം ഉപേക്ഷിക്കുമെന്നു കുടുംബത്തിന് ഉറപ്പായിരുന്നു. ഇക്കാരണത്താലാണു വിവരം മറച്ചുവച്ചത്. ഏഴുമാസം മുന്‍പ് ഇളയ സഹോദരിയെയും ധനലക്ഷ്മിക്കു നഷ്ട്ടമായിരുന്നു.


