പാലക്കാട് കറുകപ്പുത്തൂര്‍ പീഡനക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ബന്ധു. പെണ്‍കുട്ടി മാനസിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നുവെന്നും ഇതിന് ചികിത്സ തേടിയപ്പോഴാണ് ലഹരി ഉപയോഗം അറിഞ്ഞതെന്നും ബന്ധു പറഞ്ഞു.
കേസില്‍ അറസ്റ്റിലായ അഭിലാഷിനൊപ്പം കൂടുതല്‍ പേരുണ്ട്. പരാതിയില്‍ നല്‍കിയതില്‍ കൂടുതല്‍ പേര് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അറിയാവുന്നവരുടെ പേരാണ് പെണ്‍കുട്ടിയുടെ മാതാവ് പരാതില്‍ ചേര്‍ത്തത്. കാമുകന്റെ ഒപ്പം പോയി എന്നാണ് കരുതിയിരുന്നത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് ലഹരി മാഫിയയുടെ ഇടപെടലുണ്ടെന്ന് അറിഞ്ഞതെന്നും ബന്ധു അറിയിച്ചു.
മുന്‍പ് തൃത്താലയില്‍ വച്ച് കേസിലെ പ്രതി അഭിലാഷിനൊപ്പം പെണ്‍കുട്ടിയെ പിടികൂടുകയുണ്ടായി. അവിടെ നിന്ന് ഡോക്ടറുടെ അടുത്ത് എത്തിച്ചപ്പോഴാണ് ലഹരിക്ക് അടിമയാണെന്ന് അറിഞ്ഞതെന്നും ബന്ധു വെളിപ്പെടുത്തി.
പെണ്‍കുട്ടിയും ഉമ്മയും മാത്രമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. കേസിലെ മുഖ്യപ്രതി മുഹമ്മദ് ലഹരി എത്തിച്ചു നല്‍കിയിട്ടുണ്ട്. കഞ്ചാവ് ഉള്‍പ്പെടെ ഉപയോഗിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞതായി ബന്ധു വ്യക്തമാക്കി.


