കൊടകര കുഴല്‍പ്പണ കേസ് അടക്കം പാര്‍ട്ടി വലിയ ആരോപണങ്ങള്‍ നേരിടുന്നതിനിടെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഡല്‍ഹിയിലെത്തി. കേരളത്തിലെ സംഭവ വികാസങ്ങളെക്കുറിച്ച് ചോദിച്ചറിയുന്നതിനായി ദേശീയ നേതൃത്വം വിളിപ്പിച്ചതിനെ തുടര്‍ന്നാണ് സുരേന്ദ്രന് ഡല്‍ഹിയിലെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും.
ഇന്നലെ രാത്രിയാണ് സുരേന്ദ്രന് ഡല്‍ഹിയിലെത്തിയത്. കൊടകര കുഴല്‍പ്പണക്കേസ്, സി.കെ ജാനുവിനെ എന്‍ഡിഎയില്‍ എത്തിച്ചതുമായി ബന്ധപ്പെട്ട വിവാദം, പാര്‍ട്ടിയിലെ ഗ്രൂപ്പ്പോര്, തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, നിയമസഭാ തിരഞ്ഞെടുപ്പ് തിരിച്ചടി എന്നിവയില്‍ വിശദീകരണം നല്‍കും. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നിയമവൃത്തങ്ങള്‍ അറിയിച്ചതിനാല്‍ തുടര്‍നടപടികള്‍ ആലോചിക്കും.
അതേസമയം മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന് കെ സുന്ദരയെന്ന ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് കൈക്കൂലി നല്‍കിയെന്ന കേസില്‍ സുരേന്ദ്രനെതിരായ അന്വേഷണം കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.


