സംസ്ഥാനത്ത് രാത്രികാലങ്ങളിലെ വാഹന പരിശോധന പുനരാരംഭിക്കുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനയടക്കം പുനരാരംഭിക്കും. രാത്രി പട്രോളിങ്ങ് തുടങ്ങാനും പൊലീസ് മേധാവി നിര്‍ദ്ദേശം നല്കി. രണ്ട് വര്‍ഷമായി ആല്‍ക്കോമീറ്റര്‍ പരിശോധന നിര്‍ത്തിവച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെയാണ് തീരുമാനം.
നിരത്തുകളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി 675 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിക്കുന്നത്. 625 എണ്ണം ഇതിനോടകം പലയിടത്തായി വച്ചു. തലസ്ഥാനത്ത് 81, എറണാകുളം 62, കോഴിക്കോട് 60. ട്രയല്‍ റണ്‍ ആരംഭിച്ച് ഈ മാസം തന്നെ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങും. 250 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്. കെല്‍ട്രോണാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്.
2013ല്‍ ദേശീയസംസ്ഥാന പാതകളില്‍ സ്ഥാപിച്ച 207 സ്പീഡ് ക്യാമറകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 97 എണ്ണം മാത്രമാണ്. നേരത്തെ ക്യാമറ വെച്ചതും ഇപ്പോള്‍ പുതിയത് സ്ഥാപിക്കുന്നതും കെല്‍ട്രോണാണ്. സ്പീഡ് ക്യാമറകളില്‍ നിന്ന് 2022 വരെ 105 കോടിയാണ് പിഴയീടാക്കിയിട്ടുള്ളത്. അതിവേഗത്തിലുള്ള സഞ്ചാരം മാത്രമാണ് പഴയ ക്യാമറകള്‍ ഒപ്പിയെടുത്തിരുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കല്‍, വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കല്‍ തുടങ്ങിയവയും പുതിയ 726 ക്യാമറകളിലൂടെ അറിയാനാകും.
ഹെല്‍മറ്റ് വച്ചിട്ട് സ്ട്രാപിടാതിരുന്നാല്‍ പോലും പിഴയടക്കേണ്ടി വരും. വിവിധയിടങ്ങളില്‍ സ്ഥാപിച്ചു കൊണ്ടിരിക്കുന്ന ക്യാമറകള്‍ ഈ മാസം മുതല്‍ പ്രവര്‍ത്തനക്ഷമമാകും. ഹെല്‍മറ്റ് ഇല്ലാതെ യാത്ര, ശരിയാംവിധം ഹെല്‍മറ്റ്വക്കാതിരിക്കുക, സ്ട്രാപ് ഇടാതിരിക്കുക, നിലവാരമില്ലാത്ത ഹെല്‍മറ്റ് ധരിക്കുക,പിന്നിലിരുന്നിട്ട് ഹെല്‍മറ്റ് വക്കാതിരിക്കുക ഇതൊക്കെ തുടര്‍ക്കഥയാക്കിയവര്‍ക്ക് ഇനി പിടിവീഴും.
ഇരുചക്ര വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേരുമായുള്ള യാത്ര, മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് വാഹനമോടിക്കുക, മുന്‍സീറ്റില്‍ ഇരുന്നിട്ട് സീറ്റ് ബൈല്‍റ്റ് ഇടാതെയിരിക്കുന്നവരെല്ലാം കുടുങ്ങും. എ.ഐ ക്യാമറകള്‍ നിമലംഘനങ്ങളെല്ലാം ഒപ്പിയെടുത്ത് പിഴ വീട്ടിലെത്തിച്ചുതരും. 200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ നിന്നു വരെ നിയമലംഘനങ്ങള്‍ പിടികൂടാന്‍ എ.ഐ ക്യാമറകള്‍ക്കു കഴിയും.
എന്നാല്‍ അമിത വേഗതക്ക് ഈ ക്യാമറകള്‍ പിഴയിടില്ല. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് വാഹനപകടങ്ങള്‍ കുറക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ കണ്ണുതുറക്കുന്നത്.


