മൂവാറ്റുപുഴ: വീടിന് മുന്നിലെ മാലിന്യ പ്ലാന്റിലെ ദുര്‍ഗന്ധം മുലം പൊറുതിമുട്ടിയ ബ്ലോക്ക് പഞ്ചായത്ത് അംഗം രാജിക്കൊരുങ്ങുന്നു. മഹിളാ കോണ്‍ഗ്രസ് നേതാവ് സാറാമ്മ ജോണാണ് പലവട്ടം പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത കോണ്‍ഗ്രസ് തന്നെ ഭരിക്കുന്ന വാളകം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ രാജി ഭീക്ഷണിയുമായി രംഗത്തുവന്നത്.
പായിപ്ര പഞ്ചായത്തില്‍ അട്ടിമറിയിലൂടെ യുഡിഎഫിന് ഭരണം നഷ്ടമായതിന് പിന്നാലെയാണ് ഒരംഗത്തിന്റെ മാത്രം ഭൂരിപക്ഷമുള്ള ബ്ലോക്ക് പഞ്ചായത്തിലും ഭരണമാറ്റത്തിന് കളമൊരുങ്ങുന്നത്.
ദുര്‍ഗന്ധം വമിക്കുന്ന മാലിന്യ പ്ലാന്റ് അടച്ചുപൂട്ടാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ യു.ഡി.എഫ് നേതൃത്വത്തിലുള്ള മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് കോണ്‍ഗ്രസ് അംഗം സാറാമ്മജോണ്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
കൊച്ചി -ധനുഷ്കോടി ദേശീയസാപാതയില് വാളകത്ത് പ്രവര്‍ത്തിച്ചുവരുന്ന നോര്‍ത്ത് ആംസ് സോലൂഷന്‍ ഇ.എം.വി എല്ലാ നിയമങ്ങളും ലംഘിച്ചാണ് പ്രവര്‍ത്തിച്ചുവരുന്നതെന്നും ഇതിനെതിരെ വാളകം ഗ്രാമപഞ്ചായത്ത് അധികൃതര്ക്കുമുതല് ജില്ലാകളക്ടര്‍ക്ക് വരെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് റിട്ട . പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കൂടിയായ സാറാമ്മ നിറകണ്ണുകളോടെ പറഞ്ഞു. മാതുു കുഴല്നാടന് എം.എല്‍.എക്കും, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും നിവേദനം സമര്‍പ്പിച്ചെങ്കിലും പ്രയോജനം ലഭിച്ചില്ല. യു.ഡി.എഫ്. ഭരിക്കുന്ന വാളകം ഗ്രാമ പഞ്ചായത്ത് അധികൃതരും പരാതിയില്‍ മൗനം പാലിച്ചു. ഇതോടെ നിവ്യത്തിയില്ലാത്ത സാഹചര്യത്തിലാണ് ഒരംഗത്തിന്റെ മാത്രം ഭൂരിപക്ഷമുള്ള മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും ഇവര്‍ കൂട്ടിചേര്‍ത്തു.
വര്‍ഷങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകയും ഗ്രാമപഞ്ചായത്ത് അംഗവുമായി പ്രവര്‍ത്തിക്കുന് തനിക്ക് നീതി ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കടുത്ത തീരുമാനമെടുക്കുവാന്‍ നിര്‍ബന്ധിതമായതെന്നും സാറമ്മ വ്യക്തമാക്കി.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള നേരത്തെ സിനിമ തീയേറ്ററായിരുന്ന കെട്ടിടം മൂന്നു വര്‍ഷംമുമ്പ് മേക്കടമ്പ് കുഴിയാലിപടവില് സഖറിയ ജോയി വാടകക്ക് എടുത്ത് പ്ലാന്റ് തുടങ്ങുന്നത്. കാലി ടിന്നുകള്‍ സൂക്ഷിക്കുന്ന ഗോഡൗണിന് എന്നപേരിലായിരുന്നു സ്ഥാപനത്തിന് ലൈസന്‍സ് സമ്പാദിച്ചത്. എന്നാല്‍ ആറുമാസം മുമ്പ് ഹോട്ടല്‍ മാലിന്യം എത്തിച്ച് ഇവിടെ തരം തിരിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ പ്രദേശമാകെ ദുര്‍ഗന്ധം വമിച്ചുതുടങ്ങി. സമീപവാസികളായ പലരും കിട്ടിയ വിലക്ക് വീടും സ്ഥലവും വിറ്റ് മറ്റിടങ്ങളിലേക്ക് പോയി . തന്റെ വീടിനോട് ചേര്‍ന്നുള്ള പ്ലാന്റില്‍ നിന്ന് വരുന്ന ദുര്‍ഗന്ധം മൂലം ഭക്ഷണം കഴിക്കുവാന്കൂടി കഴിയുന്നില്ലെന്നും ബന്ധുക്കള്‍ അടക്കമുള്ളവര്‍ വീട്ടിലേക്ക് വരാറില്ലെന്നും സാറമ്മ പറഞ്ഞു.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോഡിന് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. സ്ഥലം സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ അനുമതി പത്രത്തില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന പ്രവര്‍ത്തനമെ നടത്താവു എന്ന് കാണിച്ച് സ്ഥാപനത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും മുഖവിലക്കെടുക്കാതെ നിരവധി ലോറികളില്‍ പശ്ചിമ കൊച്ചിയില്‍ നിന്നടക്കമുള്ള ഹോട്ടലുകളില്‍ നിന്നും മാലിന്യം ശേഖരിച്ച് ഇവിടെ കൊണ്ടുവന്ന് തരം തിരിക്കുകയാണെന്ന് സാറാമ്മ ചൂണ്ടികാട്ടി. രാഷ്ട്രീയ നേതൃത്വങ്ങളുടെ ഒത്താശയോടെയാണ് സ്ഥാപനം പ്രവര്ത്തുക്കന്നെതെന്നും അവര്‍ ആരോപിച്ചു.