കൊച്ചി: സിപിഎം കളമശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ പാര്‍ട്ടിക്കുള്ളില്‍ കലാപം ഉയരുന്നു. തിരിച്ചെടുക്കലിനെതിരെ ഏരിയ നേതൃത്വം രംഗത്തെത്തി. ഇതിന്റെ ഭാഗമായി തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ഏരിയാകമ്മിറ്റി യോഗം കൂടാനാവാതെ നേതാക്കള്‍ മടങ്ങി. ഇന്ന് രാവിലെ പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസിലായിരുന്നു യോഗം. സെക്രട്ടറി എം.ഇ അസൈനാര്‍ മാത്രമാണ് യോഗത്തിനെത്തിയത്.
ഇപ്പോള്‍ ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ ആയിരിക്കുന്നവരടക്കം ആരും യോഗത്തിനെത്തിയില്ല. റിപ്പോര്‍ട്ടിങ്ങിനെത്തിയ പാര്‍ട്ടി സംസ്ഥാന സമിതി അംഗം കെ.ചന്ദ്രന്‍പിള്ള വൈകാതെ മടങ്ങുകയായിരുന്നു.
സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന് പങ്കെടുത്ത ജില്ലാ കമ്മിറ്റിയുടെ തീരുമാന പ്രകാരമായിരുന്നു തിരിച്ചെടുക്കല്‍. അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തിയതിനെ തുടര്‍ന്ന് 6 മാസം മുമ്പ് സക്കീര്‍ ഹുസൈനെ സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്ഷന് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് സക്കീര്‍ ഹുസൈനെ തിരിച്ചെടുക്കുന്നതെന്നാണ് ജില്ലാ കമ്മിറ്റിയുടെ മറുപടി. തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ഏരിയാകമ്മിറ്റി യോഗം കൂടാനാവാതെ വന്നതോടെ പാര്‍ട്ടിയിലെ തര്‍ക്കം മറനീക്കി പുറത്തു വന്നിരിക്കയാണിപ്പോള്‍.