സ്വര്‍ണക്കടത്തില്‍ ബന്ധമുള്ള ഉന്നതന് ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതിക്ക് ഞെട്ടലുണ്ടാക്കിയ എന്ത് മൊഴിയാണ് മുദ്രവച്ച കവറില്‍ കൊടുത്തത്. കോടതി ഞെട്ടിയെങ്കില്‍ ജനം ബോധംകെട്ടുവീഴും. ജനങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് സിപിഎം. മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാത്തതിന്റെ കാരണവും ഇതാണെന്നും ചെന്നിത്തല ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഫ് വന്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ എല്‍ഡിഫ് ഭരണത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നു. റിവേഴ്സ് ഹവാല അടക്കമുള്ള കാര്യങ്ങള്‍ക്ക് സഹായം ചെയ്ത ഉന്നതനാരാണ്? സിപിഎമ്മിന് ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയുന്നില്ല. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഒന്നും പറയാന്‍ ഇല്ലാത്തത് കൊണ്ടാണ് പുറത്ത് വരാത്തത്. മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ ഒളിച്ചിരിക്കുകയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.
മണിലാലിന്റെ കൊലപാതകം അത്യന്തം അപലപനീയമാണ്. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ഗൂഢാലോചനയാണിത്. പ്രതിക്ക് ബിജെപിയില്‍ അംഗത്വം നല്‍കിയത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് ഇന്നത്തെ സിപിഎം എവിടെ നില്ക്കുന്നു എന്നതിന്റെ പ്രതീകമാണ്. ഇന്ന് സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ അകന്നു നില്‍ക്കേണ്ട ഗതികേടിലാണ്. കേരളത്തില്‍ ഭരണ മാറ്റത്തിന് സമയമായിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജീവ് ഗാന്ധി ബയോടെക്നോളജിയുമായി ബന്ധപ്പെട്ട് ഗോള്‍വാര്‍ക്കാരുടെ പേരിട്ടത് ശരിയല്ല. നെഹ്റു ട്രോഫി വിഷയത്തില്‍ വി മുരളീധരന്റെ ജവഹര്‍ലാല്‍ നെഹ്റുവിന് എതിരായ പ്രതികരണം ശരിയല്ല. കാര്യങ്ങള്‍ അറിയില്ലെങ്കില്‍ ആരോടെങ്കിലും ചോദിക്കണം. ഇക്കാര്യത്തില്‍ തരൂരിന്റെ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


