ആദ്യഘട്ട തദ്ദേശ വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ തിക്കുംതിരക്കും. നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തിലെ വിതരണ കേന്ദ്രത്തിലാണ് കൊവിഡ് നിയന്ത്രണം ലംഘിച്ച് തിരക്ക് ഉണ്ടായത്. പോളിംഗ് സാമഗ്രികള്‍ കൈപ്പറ്റാനെത്തിയ ഉദ്യോഗസ്ഥര്‍ സാമൂഹിക അകലം പാലിക്കുന്നില്ല. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനും ഉദ്യോഗസ്ഥരില്ലായിരുന്നു. തുടക്കത്തിലെ തിരക്ക് മാത്രമാണെന്ന് സബ് കളക്ടര്‍ വിശദീകരിച്ചു, തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണമുണ്ട്. പെട്ടെന്ന് തന്നെ ജീവനക്കാരെ ബൂത്തിലേക്ക് വിടാനാണ് ശ്രമമെന്നും സബ് കളക്ടര്‍ എം എസ് മാധവിക്കുട്ടി പറഞ്ഞു.
ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിനായി ഇന്ന് രാവിലെ എട്ട് മണിമുതല്‍ വിവിധ കേന്ദ്രങ്ങളില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി. വോട്ടിംഗ് യന്ത്രം അടക്കമുള്ള പതിവ് സാധനസാമഗ്രികള്‍ക്കൊപ്പം ഇത്തവണ സാനിട്ടൈസര്‍ കൂടി ഉണ്ടാകും. ത്രിതല പഞ്ചായത്തുകളുടെ പോളിംഗ് സാമഗ്രികളുടെ വിതരണം ബ്ലോക്ക് അടിസ്ഥാനത്തിലാണ്.
11,225 ബൂത്തുകളാണ് ആദ്യഘട്ടത്തില്‍ സജ്ജമാക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ കണക്കിലെടുത്ത് ബൂത്തുകള്‍ ഇന്ന് തന്നെ അണുവിമുക്തമാക്കും. വോട്ടെടുപ്പ് സമയം പോളിംഗ് ഉദ്യോഗസ്ഥര്‍ ഫെയ്സ് ഷീല്‍ഡും മാസ്ക്കും കയ്യുറകളും ധരിക്കണം.