പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടുന്ന സംഘം സംസ്ഥാനത്ത് വ്യാപകം. ഉന്നത ഉദ്യോഗസ്ഥരായ ഋഷിരാജ് സിങും പി. വിജയന് ഐപിഎസും ജി. ലക്ഷമണയും തുടങ്ങി ഡിവൈ.എസ്.പിമാരടക്കം ഇരുപതിലേറെ ഉദ്യോഗസ്ഥരുടെ പേരിലാണ് തട്ടിപ്പിന് ശ്രമിച്ചത്. തട്ടിപ്പിന് പിന്നില്‍ രാജസ്ഥാനും ഒഡീഷയും കേന്ദ്രീകരിച്ചുള്ള സംഘമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
ഐ.ജി. പി.വിജയന്റെ പേരില്‍ രണ്ട് ദിവസം മുന്‍പ് പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് യഥാര്‍ത്ഥ അക്കൗണ്ടിലുള്ള അതേ പേരും ഫോട്ടോയും വിവരങ്ങളുമെല്ലാം ചേര്‍ത്ത ഒന്നാന്തരം വ്യാജനാണ്. അദ്ദേഹത്തിന്റെ ചിത്രമടക്കം പ്രൊഫൈല്‍ പിക്ചറായി ഉപയോഗിച്ചിട്ടുണ്ട്. വേരിഫൈഡ് അക്കൗണ്ടാണ് പി വിജയന്റേത്. നിലവിലെ വ്യാജ അക്കൗണ്ടിന് വേരിഫിക്കേഷനില്ല.
ഇന്ന് രാവിലെയാണ് വ്യാജ ഫേസ്ബുക് അക്കൗണ്ട് ശ്രദ്ധയില്‍പ്പെട്ടത്. കളമശേരി പൊലീസ് ഓഫിസര്‍ രഘു ആണ് വ്യാജ അക്കൗണ്ട് കണ്ട്രോള് സെല്ലിന്റ ശ്രദ്ധയില്‍പ്പെടുത്തിയത്. ഐജി പി വിജയനെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് വിജന് തന്നെ തന്റെ ശരിയായ അക്കൗണ്ടില്‍ നിന്ന് വ്യാജ അക്കൗണ്ടിനെ കുറിച്ച് പോസ്റ്റ് ഇട്ടു.
‘ചിലര്‍ എന്റെ വ്യാജ ഫേസ്ബുക്ക് ഐഡി സൃഷ്ടിക്കുന്നുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച് വരുന്നു. അത്തരം വ്യാജ ഐഡിയില്‍ നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കരുത്. അതിലുപരിയായി ഞാന്‍ സാധാരണയായി ഫ്രണ്ട് റിക്വസ്റ്റ് അയക്കാറില്ല’.
Alert message .Some body have been creating fake fb Id of mine . We have registered a case and investigation going on ….
Posted by P Vijayan IPS on Tuesday, October 6, 2020
ഐ.ജി. ലക്ഷമണയുടെ വ്യാജന്റെ അക്കൗണ്ട് പരിശോധിച്ചാല്‍ തട്ടിപ്പ് രീതി വ്യക്തമാകും. വ്യാജനുമായി സൗഹൃദത്തിലായയാളോട് മെസഞ്ചറിലെ ചാറ്റിലൂടെ മുപ്പതിനായിരം രൂപ ആവശ്യപ്പെട്ടു. പണം കൈമാറാന്‍ ഗൂഗിള്‍ പേ നമ്പരും നല്കി. സംശയം തോന്നി പണം കൈമാറാത്തതിനാല്‍ തട്ടിപ്പ് പൊളിഞ്ഞു. ഇത്തരത്തില്‍ ജയില്‍മേധാവി ഋഷിരാജ് സിങും, അഞ്ച് ജില്ലാ പൊലീസ് മേധാവിമാരും ഒട്ടേറെ ഡിവൈ.എസ്പിമാരും അടക്കം ഇരുപതിലേറെ പൊലീസുകാരുടെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കിയിട്ടുണ്ട്. ഹൈടെക് സെല്ലിന്റെ അന്വേഷണത്തില്‍ തട്ടിപ്പ് കേന്ദ്രങ്ങളേക്കുറിച്ച് വിവരം ലഭിച്ചു. തമിഴ്നാട്ടിലും ആന്ധ്രയിലുമെല്ലാം സമാന തട്ടിപ്പ് നടത്തിയ സംഘത്തിന്റെ ആസൂത്രിത ഇടപെടലെന്നാണ് വിവരം.
തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ചില മുന്നറിയിപ്പുകളാണ് പൊലീസിന് നല്‍കാനുള്ളത്. പൊലീസിന്റെ പേരിലെത്തുന്ന ഫ്രണ്ട്സ് റിക്വസ്റ്റുകള്‍ കൃത്യമായി പരിശോധിച്ച ശേഷം മാത്രം സ്വീകരിക്കുക. പണമോ ക്രെഡിറ്റ് കാര്‍ഡിന്റേതടക്കം രഹസ്യവിവരങ്ങളോ ആവശ്യപ്പെട്ടാല്‍ അവരുമായി നേരിട്ട് ബന്ധപ്പെടാതെ ഒരു കാരണവശാലും കൈമാറരുത്.
അതേസമയം, സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ആലുവ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ പേരിലും വ്യാജ ഫേസ്ബുക് അക്കൗണ്ടുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.