തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ കൂടി പ്രതിപക്ഷ നേതാവ് വിഡി സതീശന് ലഭിക്കുന്ന സ്വീകാര്യതയും സ്വീകരണവും എ ഗ്രൂപ്പില്‍ അതൃപ്തിയുണ്ടാക്കുന്നു. എല്ലാവരേയും ഒപ്പം നിര്‍ത്തി തൃക്കാക്കരയില്‍ വലിയ വിജയം നേടി പ്രവര്‍ത്തകരുടെ ‘ലീഡര്‍’ വിളി നേടിയെടുത്തിരിക്കുകയാണ് സതീശന്. അതിനെ തുടര്‍ന്ന് വിഡി സതീശന് ലഭിച്ച സ്വീകാര്യതയാണ് എ ഗ്രൂപ്പില്‍ ആശങ്കയ്ക്കിടയാക്കിയത്. രമേശ് ചെന്നിത്തല നേതൃത്വം നല്കുന്ന വിഭാഗത്തിനും സതീശന്റെ സ്വീകാര്യതയില്‍ അങ്കലാപ്പുണ്ട്.
തൃക്കാക്കര തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ സതീശന്- സുധാകരന് ടീമിനെതിരെ രംഗത്തെത്താന്‍ ഗ്രൂപ്പ് നേതാക്കള്‍ക്ക് ആലോചനയുണ്ടായിരുന്നു. എന്നാല്‍ ഇവരുടെ പ്രതീക്ഷയെ അട്ടിമറിച്ചാണ് വന്‍ വിജയം കോണ്‍ഗ്രസ് നേടിയത്. ഇതോടെ സതീശന്റെ പ്രതിച്ഛായ വന്‍ തോതില്‍ വളരുകയും പ്രവര്‍ത്തകര്‍ ക്യാപ്റ്റന്‍, ലീഡര്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ യുഡിഎഫ് ജില്ലാ കണ്വീനന് കൂടിയായ എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവ് ഡൊമനിക് പ്രസന്റേഷന് അടക്കമുള്ള ചിലര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. തുടര്‍ന്ന് വിഡി സതീശനും കെ സുധാകരനും കെസി വേണുഗോപാലും ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുവെന്ന ആരോപണം എ ഗ്രൂപ്പ് ഉയര്‍ത്തി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ ഡൊമ്നിക് പ്രസന്റേഷന് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇത് സതീശന്- സുധാകരന് ടീമിനോടുള്ള വിയോജിപ്പ് കൂടിയായിരുന്നു.
ഇതിനിടെ എ ഗ്രുപ്പിലെ പിണക്കങ്ങള്‍ പരസ്യമാക്കി ഡൊമ്നിക് പ്രസന്റേഷനെതിരെ കെപിസിസി പ്രസിഡണ്ടിന് കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ എ ഗ്രൂപ്പ് നേതാവ് അബ്ദുള്‍ മുത്തലിബ് പരാതി നല്‍കിയത്. മുത്തലിബ് അടക്കമുള്ള ഒരു വിഭാഗം എ ഗ്രൂപ്പ് നേതാക്കള്‍ സതീശന്റെ പിന്നില്‍ അണിനിരക്കാന്‍ ആലോചിക്കുന്നതും അവശേഷിക്കുന്ന എ ഗ്രൂപ്പ് നേതാക്കളില്‍ പ്രശ്നമുണ്ടാക്കുന്നു.
മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി എ ഗ്രൂപ്പിനെ നയിക്കുന്നതില്‍ നിന്നും മാറി പുതിയ നേതൃത്വത്തെ പിന്തുണക്കുന്ന സമീപനമാണ് സ്വീകരിച്ച് വരുന്നത്. ഇതും എ ഗ്രൂപ്പ് നേതാക്കളുടെ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ലീഡര്‍, ക്യാപ്റ്റന്‍ വിളികളിലെ വിഡി സതീശന്റെ പ്രതികരണവും പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കിടയിലും സ്വീകാര്യത വര്‍ധിക്കാനിടയായിട്ടുണ്ട്.
താന്‍ ലീഡറല്ല, ലീഡര്‍ കെ കരുണാകരന് മാത്രമാണ്. ആ വിളികളുടെ കെണിയില്‍ വീഴില്ലെന്നുമായിരുന്നു വിഡി സതീശന്റെ പ്രതികരണം. കൂട്ടായ നേതൃത്വമാണ് തൃക്കാക്കരയിലെ വിജയത്തിനു പിന്നില്‍. തന്റെമാത്രം ചിത്രം വെച്ചുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യണം. പാര്‍ട്ടിയില്‍ വളര്‍ന്നു വരുന്ന രണ്ടാം നിരയെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പ്രോത്സാഹിപ്പിക്കുമെന്നും സതീശന് പറഞ്ഞിരുന്നു.