നാഗാലാന്‍ഡ് വെടിവയ്പ് വിഷയത്തില്‍ ലോക്സഭയില്‍ വിശദീകരണം നല്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സൈന്യം വെടിയുതിര്‍ത്തത് വാഹനങ്ങള്‍ക്ക് നേരെയെന്ന് അമിത്ഷാ പറഞ്ഞു. സ്വയം പ്രതിരോധത്തിന് വേണ്ടിയാണ് സൈന്യം വെടിവച്ചതെന്നും വാഹനം നിര്‍ത്താതെ പോയതിനാലാണ് വെടിവയ്ക്കേണ്ടി വന്നതെന്നും അമിത് ഷാ ലോക്സഭയില്‍ വിശദീകരിച്ചു.
വാഹനത്തിലുണ്ടായിരുന്ന എട്ട് പേരില്‍ ആറ് ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ ഒരു സൈനികനും വീരമൃത്യു വരിച്ചതായും അമിത് ഷാ വ്യക്തമാക്കി. ഈ സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് ഗ്രാമീണര്‍ സൈനിക കേന്ദ്രം വളയുകയും രണ്ടു വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. സൈന്യത്തിന് നേരെ ആക്രമണവുമുണ്ടായി.
നിരപരാധികള്‍ കൊല്ലപ്പെട്ടതില്‍ സേനയ്ക്ക് ദുഃഖമുണ്ട്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സേന ശ്രദ്ധിക്കുമെന്നും അമിത് ഷാ ലോക്സഭയില്‍ പറഞ്ഞു.
പ്രത്യേക അന്വേഷണസംഘം ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കുറ്റകാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. വാഹനത്തിലുണ്ടായ ഗ്രാമീണരില്‍ 6 പേര് വെടിവെപ്പില്‍ മരിച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് കൂടുതല്‍ പേര് മരിച്ചത്. നാഗാലന്‍ഡ് സംഘര്‍ഷഭരിതമെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അമിത് ഷാ പറഞ്ഞു.
തിങ്കളാഴ്ച നാഗാലാന്‍ഡ് ഡിജിപി സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം സംസ്ഥാന ക്രൈം ബ്യൂറോയ്ക്ക് കൈമാറുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ ലോക്സഭയില്‍ വ്യക്തമാക്കി.