സ്ത്രീ പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും തടയാന്‍ കോളജുകളില്‍ ക്ലാസുകള്‍ നടത്താന്‍ ഉത്തരവ്. അടുത്ത വര്‍ഷം മുതല്‍ ജന്‍ഡര്‍ ജസ്റ്റിസ് കരിക്കുലത്തിന്റെ ഭാഗമാക്കുമെന്ന് മന്ത്രി ആര് ബിന്ദു പറഞ്ഞു. കോഴ്സുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
‘ആരോഗ്യകരമായ വ്യക്തി ബന്ധങ്ങളെ സംബന്ധിച്ച് അവബോധമുണ്ടാക്കാന്‍ ജന്‍ഡര്‍ ജസ്റ്റിസ് പാഠ്യപദ്ധതിയുടെ തന്നെ ഭാഗമാക്കണം. വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ലിംഗനീതിയും സാമൂഹ്യ നീതിയും സംബന്ധിച്ച ഒരു കോഴ്സെങ്കിലും ചെയ്തിരിക്കണം’. അടുത്ത വര്‍ഷം മുതല്‍ ഒരു വിഷയമായി തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ഈ വര്‍ഷം മുതല്‍ ബോധവത്കരണ പരിപാടികള്‍ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂള്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തും. സംസ്ഥാനത്തെ കുറ്റകൃത്യ നിരക്ക് കുറയ്ക്കാന്‍ പ്രത്യേക ബോധവത്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും വനിതാ കമ്മീഷന് അറിയിച്ചു.
പാലാ സെന്റ് തോമസ് കോളജില്‍ വച്ച് സഹപാഠി കുത്തിക്കൊലപ്പൊടുത്തിയ നിതിനാ മോളുടെ വീട് സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് വനിതാ കമ്മീഷന് അധ്യക്ഷ നിലപാട് വ്യക്തമാക്കിയത്.
വിദ്യാസമ്പന്നരായ ചെറുപ്പക്കാരില്‍ ഇത്തരത്തിലുള്ള ഹീനമായ ക്രൂരകൃത്യം ചെയ്യാനുള്ള മാനസികാവസ്ഥ രൂപപ്പെടുന്നതെങ്ങനെയെന്ന് ഗൗരവമേറിയ പഠനം വേണം. 10- 12 വയസുള്ള കുട്ടികള്‍ പോലും പ്രണയത്തിലകപ്പെടുകയാണ്. സമൂഹ മാധ്യമങ്ങളിലടക്കം ഇടപെടുന്ന കൗമാരക്കാരില്‍ പല അബദ്ധധാരണകളുമുണ്ട് എന്നും അഡ്വക്കേറ്റ് സതീദേവി കൂട്ടിച്ചേര്‍ത്തു.


