സര്‍ക്കാറിന് ആശ്വാസം. മല്ലപ്പള്ളി പ്രസംഗത്തില്സജി ചെറിയാന് അനുകൂലമായ പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന ഹര്‍ജി തള്ളി. ഹൈക്കോടതിയിലെ കേസില്‍ തീരുമാനമാകും വരെ സജിക്കെതിരായ കേസില്‍ വിധി പറയരുതെന്ന് ആവശ്യവും നിരാകരിച്ചു.
രണ്ട് ഹര്‍ജികളാണ് ഇന്ന് കോടതിക്ക് മുന്നിലെത്തിയത്. പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ട് കോടതി സ്വീകരിക്കരുതെന്നും കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കാണിച്ച് ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയല്‍ തിരുവല്ല കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ ഇന്നലെ വാദം കേട്ട ശേഷമാണ് തിരുവല്ല കോടതി ഇന്ന് വിധി പറയാനായി മാറ്റിവച്ചത്.
പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നും ഹൈക്കോടതി തീരുമാനം വരും വരെ കേസില്‍ തീരുമാനമെടുക്കരുതെന്നുമുള്ള അഭിഭാഷകന്റെ പരാതികളിലാണ് തിരുവല്ല കോടതിയുടെ വിധി. ഭരണഘടനയെ അവഹേളിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് തിരുവല്ല കീഴ്വായ്പൂര് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു തിരുവല്ല ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കിയത്.
ആദ്യ അഞ്ച് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താതെയും ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്താതെയും ദുര്‍ബലമായ റിപ്പോര്‍ട്ടാണ് പോലീസ് സമര്‍പ്പിച്ചതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.


