സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് കെ എസ് അരുണ്‍ കുമാറിനായി ചുവരെഴുത്ത്. വോട്ട് അഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള ചുവരെഴുത്ത് ഉച്ചയോടെയാണ് തൃക്കാക്കരയില്‍ പ്രത്യക്ഷപ്പെട്ടത്. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെന്ന് വ്യക്തമായതോടെ ചുവരെഴുത്ത് നിര്‍ത്തിവച്ചു.
തൃക്കാക്കരയില്‍ കെ എസ് അരുണ്‍കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിയെ ഔഗ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് അറിയിക്കുകയായിരുന്നു. തീരുമാനമാകുന്നതിന് മുമ്പാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിന്റേയും സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെയും അംഗീകാരത്തിന് ശേഷമാകും ഫലപ്രഖ്യാപനമെന്ന് ഇ പി ജയരാജന് വ്യക്തമാക്കി. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗമായ അരുണ്‍കുമാര്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇ പി ജയരാജന്റെ പ്രതികരണം.
തൃക്കാക്കരയില്‍ ഉമ തോമസിന് എതിരാളിയായി അരുണ്‍ കുമാര്‍ വരുമെന്ന വാര്‍ത്ത മണിക്കൂറുകള്‍ക്ക് മുന്‍പാണ് പുറത്തുവന്നത്. ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുന്നതിനിടെയാണ് റിപ്പോര്‍ട്ടുകള്‍ വന്ന് തുടങ്ങിയത്.
സിപിഐഎം ജില്ലാ കമ്മറ്റി അംഗമാണ് അരുണ്‍ കുമാര്‍. ഡിവൈഎഫ്ഐ നേതാവായിരുന്ന അരുണ്‍ കുമാര്‍ കെ റെയില്‍ സംവാദങ്ങളില്‍ സര്‍ക്കാര്‍ നിലപാട് അവതരിപ്പിച്ചതിലൂടെ വളരെ ശ്രദ്ധേയനായി. ശിശുക്ഷേമ സമിതി ജില്ലാ ഉപാദ്ധ്യക്ഷനാണ്. ഡിവൈഎഫ്ഐ മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ പ്രസിഡന്റുമാണ്.
ഭാരത് മാതാ കോളേജ് മുന്‍ അധ്യാപികയും സീറോ മലബാര്‍ സഭാ വക്താവുമായ കൊച്ചുറാണി ജോസഫ്, കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ എന്നിവരുടെ പേരും എല്‍ഡിഎഫ് പരിഗണിക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. കെ വി തോമസിന്റെ മകള്‍ രേഖാ തോമസിന്റെ പേരും ഇക്കൂട്ടത്തില്‍ ഉയര്‍ന്നുകേട്ടു.


