ഗവര്‍ണര്‍- സര്‍ക്കാര്‍ പോരില്‍ മഞ്ഞുരുകുന്നു. ഗവര്‍ണറുടെ നയപ്രഖ്യാപനം ഉണ്ടാകും. നിയമസഭയുടെ ഏഴാം സമ്മേളനം ഡിസംബര്‍ 13ന് അവസാനിച്ചതായി ഗവര്‍ണറെ അറിയിക്കും. കഴിഞ്ഞ കുറച്ച് നാളുകളായി തുടര്‍ന്നു വന്നിരുന്ന ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന് അയവുവന്നെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.
നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവര്‍ണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് വിയോജിപ്പോടെ ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഗവര്‍ണറെ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിനായി ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതിനു മുന്നോടിയായി കേരള നിയമസഭയുടെ അവസാന സമ്മേളനം പിരിഞ്ഞതായി സര്‍ക്കാര്‍ ഔദ്യോഗികമായി ഗവര്‍ണറെ അറിയിക്കും. ഗവര്‍ണറുമായി തത്കാലം പോര് വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍ എന്നാണ് അറിയുന്നത്. സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണ്ണര്‍ അനുമതി നല്‍കിയതോടെയാണ് സര്‍ക്കാരും വിട്ടുവീഴ്ചക്ക് തയ്യാറായത്. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം സഭാ സമ്മേളനം പിരിയുന്ന കാര്യം ഗവര്‍ണറെ അറിയിക്കാന്‍ തീരുമാനിച്ചു. ക്യാബിനറ്റില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
സജി ചെറിയാന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച് തന്റെ ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ആര് മന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. ഇതൊരു അസാധാരണ സാഹചര്യമാണ്. തന്റെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിക്കേണ്ടതാണ്. സജി ചെറിയാന്റെ സത്യപ്രതിജ്ഞ നടക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചിരുന്നു.


