തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. വോട്ടില്‍ വര്‍ധനവുണ്ടായെങ്കിലും ഞങ്ങള്‍ക്കെതിരായുള്ള വോട്ടുകളെല്ലാം ഏകോപിപ്പിച്ചതായാണ് കാണാന്‍ സാധിക്കുന്നത്. ബിജെപിയുടെ വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട്. വികസനം മുന്‍നിര്‍ത്തിയാണ് പാര്‍ട്ടി പ്രവര്‍ത്തിച്ചത്. തൃക്കാക്കരയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചത്.
പരാജയ കാരണം സൂഷ്മമായി പരിശോധിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് നേടാന്‍ കഴിഞ്ഞു. എന്നാല്‍ ഉദ്ദേശിച്ച നിലയിലേക്ക് ജനങ്ങള്‍ വോട്ട് നല്‍കിയില്ല. ജനവിധിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പ്രതികരിച്ചു.
അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ ചരിത്ര വിജയം എല്‍ഡിഎഫിന് വലിയ തിരിച്ചടി ആയിരിക്കുകയാണ്. എല്‍ഡിഎഫിനെതിരെ 24300 വോട്ടുകള്‍ക്കാണ് യുഡിഎഫിന്റെ ജയം. വോട്ടെണ്ണലിന് തൊട്ടുമുന്‍പ് വരെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്ന എല്‍ഡിഎഫ് പലതവണ തങ്ങള്‍ സെഞ്ചുറിയടിക്കുമെന്ന് അവകാശപ്പെട്ടിരുന്നു.
തൃക്കാക്കരയില്‍ സിക്സറടിച്ച് സെഞ്ചുറി തികയ്ക്കുമെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് പക്ഷേ, ഗോള്‍ഡന്‍ ഡക്കില്‍ പുറത്തായി. ഒരു ബൂത്തില്‍ പോലും ലീഡ് നേടാനായില്ലെന്ന് മാത്രമല്ല, ഭീമമായ പരാജയവും ജോ ജോസഫിന് നേരിടേണ്ടി വന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതു സ്ഥാനാര്‍ത്ഥി നേടിയത് 45510 വോട്ടാണ്. ഇടതു വോട്ടുകളില്‍ 2242 വോട്ടിന്റെ വര്‍ധനയുണ്ടായി. ബിജെപി സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന് നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു. ആകെ കണക്കില്‍ ഒരു വര്‍ഷത്തിനിടെ തൃക്കാക്കരയില്‍ ബിജെപിക്ക് 2528 വോട്ട് കുറഞ്ഞു.