തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കണമെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം നല്കി മുഖ്യമന്ത്രി പിണറായി വിജയന്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ തൃക്കാക്കര തിരിച്ചു പിടിക്കണം. എന്നാല്‍ യുഡിഎഫിന്റെ സിറ്റിങ് മണ്ഡലമായല്ല എല്‍ഡിഎഫ് ജയിക്കേണ്ട മണ്ഡലമെന്ന രീതിയിലാവണം പ്രചാരണമെന്നാണ് മുഖ്യമന്ത്രി നല്കുന്ന നിര്‍ദേശം. അമേരിക്കയില്‍ ചികില്‍സയിലുള്ള മുഖ്യമന്ത്രി മുതിര്‍ന്ന നേതാക്കളുമായി ഫോണിലൂടെ ആശയ വിനിമയം നടത്തി.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ചുമതല സിപിഐഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജനാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം സ്വരാജും പി രാജീവും മണ്ഡലത്തില്‍ നിന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി. പ്രചരണത്തില്‍ പങ്കെടുക്കാനായി താന്‍ തൃക്കാക്കര യിലെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രണ്ടു ദിവസത്തിനകം എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാവും.
എല്‍ഡിഎഫ് വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് ഇ പിജയരാജന് പറഞ്ഞു. ഐശ്വര്യ സമൃദ്ധമായ കേരളം സൃഷ്ടിക്കലാണ് ഇടതുപക്ഷത്തിന്റെ ചുമതല. സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെയുളള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് തയ്യാറാണ്. കെ റെയില്‍ ചര്‍ച്ച വികസനത്തിന്റെ കരുത്ത് കൂട്ടുമെന്നും സില്‍വര്‍ ലൈന്‍ ജനവികാരം അനുകൂലമാക്കുമെന്നുമാണ് എല്‍ഡിഎഫ് കണ്‍വീനരുടെ പ്രതികരണം.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മെയ് 31നാണ് നടക്കുക. ജൂണ്‍ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപനമിറക്കും. മെയ് 11 ആണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ശക്തമാക്കി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 14,329 വോട്ടുകള്‍ക്കാണ് പിടി തോമസ് ജയിച്ചു കയറിയത്.


