തൃക്കാക്കരയില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സി.ഐ പി.ആര് സുനുവിനോട് നാളെ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡി.ജി.പി അനില്‍ കാന്ത്. 11 മണിക്ക് പൊലീസ് ഹെഡ്ക്വാട്ടേഴ്സില്‍ എത്തണമെന്നാണ് ഡി.ജി.പിയുടെ നിര്‍ദേശം.
നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സി.ഐ സുനുവിനെ പിരിച്ചുവിടുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പൊലീസില്‍ സജീവമായിരുന്നു. ഇതിന്റെ ആദ്യപടി എന്ന നിലയ്ക്ക് സുനുവിനെ വിളിച്ച് വിശദീകരണം തേടിയിരുന്നു. പിന്നീട് സി.ഐ സുനു അഡ്മിനിസ്ട്രേഷന് ട്രിബ്യൂണലിന്റെ സമീപിക്കുകയാണുണ്ടായത്.
അഡ്മിനിസ്ട്രേഷന് ട്രിബ്യൂണലിന് വിശദീകരണം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സുനുവിനോട് ഡി.ജി.പി നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. സുനുവിനെ സര്‍വീസില്‍ നിന്നും ഉടന്‍ പിരിച്ചു വിട്ടേക്കുമെന്ന സൂചനയാണ് പൊലീസ് ആസ്ഥാനത്ത് നിന്നും ലഭിക്കുന്നത്.


