ഒന്നര വര്‍ഷത്തിനു ശേഷം കുരുന്നുകള്‍ ഇന്ന് സ്കൂളുകളിലേക്ക്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ വിദ്യാഭ്യാസമന്ത്രി സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. സിക്ക് റൂം ഉള്‍പ്പെടെ വിപുലമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് കോവിഡ് കാലത്ത് സ്കൂള്‍ തുറക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളെ സ്വീകരിക്കാനായി വന്‍ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അധ്യാപകര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രവേശനോത്സവം ഏറ്റെടുത്തിരിക്കുകയാണ്. ഈ ദിവസം കേരളത്തിന്റെ പൊതു വിദ്യാഭ്യാസ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ദിവസമായി മാറുമെന്നും മന്ത്രി പറഞ്ഞു.
മിഠായിക്കൊപ്പം മാസ്കും സാനിറ്റൈസറും കൂടി നിറച്ചാണ് ഇക്കുറി പ്രവേനോത്സവ സമ്മാനപ്പൊതികള്‍. 15,452 സ്കൂളുകളിലായി 42 ലക്ഷം വിദ്യാര്ഥികളാണുളളത്. മൂന്നിലൊന്ന് പേര് ഇന്ന് സ്കൂളുകളിലെത്തും. കോവിഡ് ആശങ്കകളെ ജാഗ്രതയോടെ മറികടക്കാനുളള തയാറെടുപ്പിന്റെ ഭാഗമായി സ്കൂളുകളില്‍ ഇത് പോലെ സിക് റൂം ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും വിധത്തില്‍ അസ്വസ്ഥത അനുഭവപ്പെടുന്ന കുട്ടികളോ അധ്യാപകരോ ഉണ്ടായാല്‍ അവരെ സിക് റൂമിലേയ്ക്ക് മാറ്റും.
വീടുകളിലുള്ള മൂന്നില്‍ രണ്ടു വിഭാഗം ഓണ്‍ലൈന്‍പഠനം തുടരും. തീരദേശ- ആദിവാസി മേഖലകളില്‍ ഉച്ചഭക്ഷണം ഉറപ്പാക്കും. വാക്സീന് സ്വീകരിക്കാത്ത അധ്യാപകര്‍ ആദ്യ രണ്ടാഴ്ച സ്്കൂളില്വരേണ്ടതില്ല. 2282 അധ്യാപകരും 327 അനധ്യാപകരും കുത്തിവയ്പെടുത്തിട്ടില്ല. അതേസമയം രോഗപ്പകര്ച്ചാഭീതിമൂലം വലിയൊരുവിഭാഗം രക്ഷിതാക്കളും കുട്ടികളെ സ്കൂളിലയക്കുന്നില്ല.
ഷിഫ്റ്റ് അടിസ്ഥാനത്തിലുളള ക്ളാസുകള്‍ കുട്ടികളെ സ്കൂളില്‍ കൊണ്ടു പോകുന്നതിനും വരുന്നതിനും ജോലിക്കാരായ മാതാപിതാക്കളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. മിക്ക സ്കൂളുകളും സ്കൂള്‍ ബസുകള്‍ ഓടിക്കാത്തതും പ്രതിസന്ധിയാണ്. ആദ്യദിവസങ്ങളില്‍ ഹാജര്‍ നിര്‍ബന്ധമില്ല. ക്രമീകരണങ്ങള്‍ മെച്ചപ്പെടുമ്പോള്‍ കൂടുതല്‍ കുട്ടികള്‍ സ്കൂളുകളിലെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. സംസ്ഥാനതല പ്രവേശനോത്സവം എട്ടരയ്ക്ക് കോട്ടണ്‍ഹില്‍ സ്കൂളില്‍ നടക്കും.
ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു ആശങ്കയും വേണ്ടന്ന് പറഞ്ഞ അദ്ദേഹം കേരള ഗവണ്മെന്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പവും രക്ഷിതാക്കള്‍ക്കൊപ്പമുവുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കൂടാതെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആവശ്യമുള്ള പരിഷ്കാരങ്ങള്‍ വരുത്തുമെന്നും ഒരാഴ്ചയ്ക്ക് ശേഷം അവലോകനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകള്‍ തയ്യാറാക്കിയ മാര്‍ഗരേഖ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.


