സംസ്ഥാനത്തെ പുതിയ ഭരണ സര്‍വീസായ കെ.എ.എസിനു ഇന്നു തുടക്കമാകും. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള ആദ്യ നിയമന ശുപാര്‍ശകള്‍ പി.എസ്.സി ആസ്ഥാനത്തു നിന്നും ഇന്നു ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ടു കൈമാറും. മൂന്നു സ്ട്രീമുകളിലേക്കായി 105 പേര്‍ക്കാണ് ഇന്നു നിയമന ശുപാര്‍ശ കൈമാറുന്നത്.
സിവില്‍ സര്‍വീസിനു സമാനമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ഭരണ സര്‍വീസാണ് കെ.എ.എസ്. ഇന്നു നിയമന ശുപാര്‍ശ ലഭിക്കുന്നവര്‍ക്ക് പ്ലാനിങ്ങ് ഡവലപമെന്റ് സെന്ററുകളിലും രാജ്യത്തെ ഉന്നത മാനേജ്മെന്റ് ഇന്സ്റ്റിറ്റൂട്ടിലുമടക്കമുള്ള 18 മാസ പരിശീലനത്തിനു ശേഷമാണ് നിയമനം നല്‍കുന്നത്. സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറിക്കു സമാനമായ തസ്തികയിലാണ് നിയമനം.
സിവില്‍ സര്‍വീസിനുള്ള ഫീഡര്‍ കാറ്റഗറിയായി കണക്കാക്കുന്ന തസ്തികയില്‍ മികവ് തെളിയിച്ചാല്‍ പത്തു വര്‍ഷ സര്‍വീസിനു ശേഷം സിവില്‍ സര്‍വീസിലേക്കു നടന്നു കയറാം. ഓരോ വര്‍ഷവും വിവിധ വകുപ്പുകളില്‍ രണ്ടാം ഗസറ്റഡ് തസ്തികയിലുണ്ടാകുന്ന ഒഴിവുകളുടെ മുന്നിലൊന്ന് കെ.എ.എസിനായി നീക്കിവെയ്ക്കും.
നേരിട്ടുള്ള നിയമനം, നിലവിലുള്ള ജീവനക്കാരില്‍ നിന്നു ട്രാന്‍സ്ഫര്‍ മുഖേനയുള്ള നിയമനം, ഒന്നാം ഗസറ്റഡ് പോസ്റ്റിലോ അതിനു മുകളിലോ ഉള്ളവരില്‍ നിന്നുമുള്‍പ്പെടെ മൂന്നു ധാരകളില്‍ നിന്നു 35 പേര്‍ക്കു വീതമാണ് നിയമനം.

