ആനക്കാംപോയില്‍- കളളാടി- മേപ്പാടി തുരങ്ക പാത നിര്‍മ്മാണ ഉദ്ഘാടനം ഒക്ടോബര്‍ 5ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് ചടങ്ങ് സംഘടിപ്പിക്കുക. തിരുവാമ്പാടി എംഎല്‍എ ജോര്‍ജ്ജ്.എം. തോമസ് പങ്കെടുക്കും.
വയനാട് -കോഴിക്കോട് ജില്ലകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അറ്റകുറ്റപ്പണികള്‍ നടത്തുകയും പലയിടങ്ങളിലും വീതി കൂട്ടുകയും ചെയ്തിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും പ്രധാന ചുരങ്ങളിലൊന്നായ താമരശ്ശേരി ചുരത്തില്‍ വാഹനപ്പെരുപ്പം കൊണ്ടും മഴക്കാലത്തെ മണ്ണിടിച്ചില്‍ കൊണ്ടും നിരന്തരമായി ഗതാഗത തടസ്സം ഉണ്ടാവുന്നു. മഴക്കാലത്ത് മാസങ്ങളോളം ഗതാഗതം തടസ്സപ്പെട്ട അവസ്ഥയുണ്ടായിട്ടുമുണ്ട്.
ദേശീയപാത 766- കോഴിക്കോട്-കല്‍പ്പറ്റ – മൈസൂര്‍- ബാഗ്ലൂര് റോഡിലെ ഈ പ്രധാന പാത ഇനിയും വീതി കൂട്ടുന്നതിനും സംരക്ഷണ പ്രവൃത്തികള്‍ നടത്തുന്നതിനും ഒട്ടേറെ പ്രശ്നങ്ങള്‍ നിലനില്ക്കുന്നു. ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമായി വരുന്ന ബദല്‍പാതയായ ആനക്കാം പോയില് – കളളാടി – മേപ്പാടി തുരങ്ക പാത ഇടതു സര്‍ക്കാരിന്റെ ഒരു സ്വപ്ന പദ്ധതിയാണ്.
കിഫ്ബിയുടെ ധനസഹായത്തോടെ നടപ്പിലാവുന്ന ഈ പദ്ധതിയുടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി ടണല്‍ നിര്‍മ്മാണത്തില്‍ വൈദഗ്ദ്ധ്യമുള്ള കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെ 31.5.2019ലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിയമിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തിലായിരിക്കും പദ്ധതി നടപ്പിലാവുക.
പേവ്ഡ് ഷോള്‍ഡറോട് കൂടി രണ്ടു വരിയില്‍ മുറിപ്പുഴയില്‍ നിന്നുമാരംഭിച്ച് കള്ളാടിയില്‍ അവസാനിക്കുന്ന തരത്തില്‍ 7.826 കി.മീ നീളത്തിലാണ് തുരങ്ക പാതയുടെ നിര്‍മ്മാണം. ടണലിന്റെ നീളം 6.910 കി. മീറ്ററായിരിക്കും. ഇരവഞ്ഞിപ്പുഴയ്ക്ക് കുറുകെ 70 മീറ്റര്‍ നീളത്തില്‍ പാലവും തെക്കു ഭാഗത്ത് 750 മീറ്ററും വടക്കുഭാഗത്ത് 200 മീറ്ററും അപ്രോച്ച് റോഡുകളുമുണ്ടാവും. 80 കി.മീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാവുന്ന ഈ റോഡ് യാഥാര്‍ത്ഥ്യമാവുന്നതോടുകൂടി കോഴിക്കോടു നിന്നും വയനാട്ടിലേയ്ക്കും അതുവഴി ബാംഗ്ലൂര്‍, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിയേക്കും തിരിച്ചുമുള്ള യാത്രയില്‍ ഒരു മണിക്കൂറോളം സമയ ലാഭമുണ്ടാവും.
ഈ പദ്ധതിക്കായി കിഫ് ബി ഫണ്ടില്‍ നിന്നും 658 കോടി രൂപയ്ക്കുള്ള പ്രാഥമിക ഭരണാനുമതി ലഭിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തിനാകെയും കോഴിക്കോട്-വയനാട് ജില്ലകള്‍ക്ക് പ്രത്യേകിച്ചും ഉപകാരപ്രദമാവുന്നുറപ്പാണ്. ഒപ്പം ടൂറിസം മേഖലയ്ക്കും ഈ പദ്ധതി വളരെയേറെ സഹായകരമാകും.
വയനാട്ടിലെ അത്യപൂര്‍വ്വമായ സസ്യ ജന്തുജാലങ്ങളുടെ സംരക്ഷണം കൂടി കണക്കിലെടുത്താണ് തുരങ്ക പാതയുടെ നിര്‍മ്മാണം സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചിട്ടുള്ളത്. നിര്‍മ്മാണ പ്രവൃത്തി വഴിയുള്ള പാരിസ്ഥിതിക ആഘാതങ്ങള്‍ പരിമിതപ്പെടുത്തുന്നതോടൊപ്പം വന്യമൃഗങ്ങളും യാത്രികരും പരസ്പരം അപകടങ്ങളില്‍പ്പെടുന്നത് ഒഴിവാക്കുകയും ചെയ്യാമെന്നതാണ് ഈ ബൃഹത് പദ്ധതിയുടെ മറ്റൊരു വശം.


